സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്ന പ്രശ്നമാണ് ലഹരി എന്നും ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനവും മാസ്റ്റര്‍ വൊളന്റിയര്‍ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയെ ലഹരി മുക്തമാക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പിന്റെയും നശാ മുക്ത് ഭാരത് അഭിയാന് എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ വാരാചരണത്തിന് സമാപനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ വികസന കമ്മീഷ്ണര്‍ എ. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ ഉഷ, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ടി പ്രീതി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.വി സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
ലഹരി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള മാസ്റ്റര്‍ വൊളന്റിയര്‍ പരിശീലന പരിപാടിയില്‍ സബ് ജഡ്ജും
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ രഞ്ജിത്ത് കൃഷ്ണന്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസി. പ്രൊഫസര്‍ ഡോ. കെ.പി ലക്ഷ്മി എന്നിവർ ക്ലാസുകള്‍ നയിച്ചു. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ നൂറോളം വൊളന്റിയര്‍മാര്‍ പങ്കെടുത്തു.

