തൃശ്ശൂർ: കേടുവന്ന മോഷണ ബൈക്കുമായി പോകുന്നതിനിടയിൽ യുവാവ് പോലീസ് പിടിയിലായി. സഹായിക്കാനെത്തിയ പോലീസ് ഒടുവിൽ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി 27 കാരനായ അമൽരാജ്നെയാണ് ബൈക്ക് മോഷ്ടിച്ചതിന് പോലീസ് പിടികൂടിയത്.
രാത്രി ഏറെ വൈകി പോലീസ് പെട്രോളിങ് നടക്കുന്നതിനിടെയാണ് ബൈക്ക് തള്ളിക്കൊണ്ട് പോകുന്ന യുവാവിനെ ശ്രദ്ധയിൽപ്പെട്ടത്. കേടായ ബൈക്ക് ശരിയാക്കാൻ സഹായിക്കാമെന്ന് കരുതി ചെന്നപ്പോഴാണ് ബൈക്ക് മോഷ്ടാവാണോ എന്ന സംശയം പോലീസിന് തോന്നിയത്. ഇതോടെ പോലീസ് സ്റ്റെലിൽ ഉള്ള ചോദ്യം ചെയ്യലിൽ കാര്യങ്ങൾക്ക് വ്യക്തതയായി.
29/06/22 ബുധനാഴ്ച പുലർച്ചെ ഒരു മണിക്കാണ് ജനമൈത്രി പോലീസ് കേടായ ബൈക്കുമായി യുവാവിനെ കാണുന്നത്. വണ്ടി സ്റ്റാർട്ട് ആകുന്നില്ലെന്നും ശരിയാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു കാര്യം തിരക്കിയപ്പോൾ യുവാവിന്റെ മറുപടി. ഇയാളുടെ നിസ്സഹായത കണ്ട് ബൈക്ക് ശരിയാക്കാൻ പോലീസ് ഒപ്പം കൂടി. എന്നാൽ ബൈക്ക് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനത്തിന് കീ ഇല്ലെന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതോടെ കുറച്ചധികം ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് കേടായ ബൈക്ക് അല്ലെന്നും മോഷണം ആണെന്നും വ്യക്തമായത്. ആദ്യം താക്കോൽ കളഞ്ഞു പോയി എന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യങ്ങൾ ആയപ്പോഴാണ് കേടായ ബൈക്ക് അല്ലെന്നും മോഷണം ആണെന്നും സമ്മതിച്ചത്. ഇതോടെ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ കുറിച്ചെടുത്ത് യഥാർത്ഥ ഉടമയെ കണ്ടെത്തി.
തൃശ്ശൂരിലെ കൊക്കാലയിൽ നിന്നും മോഷ്ടിച്ച ബൈക്കാണ് പ്രതി തള്ളി കൊണ്ടുവന്നിരുന്നത്. മോഷ്ടിച്ചു വരുന്ന വഴി ബൈക്ക് ഓഫ് ആയതോടെയാണ് ഇയാൾക്ക് പിടിവീണത്. തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ വി ബിനു, എച്ച് മുഹമ്മദ് റാഫി എന്നിവരാണ് ബൈക്ക് മോഷ്ടാവിനെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ അഭിനന്ദിച്ചു.

