കോട്ടയം: കോട്ടയം മേലുകാവ് സെന്റ് തോമസ് പളളിയുടെ വാതിൽ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകർത്ത് അകത്ത് കടന്ന് മോഷ്ടാക്കൾ നേർച്ചപ്പെട്ടികൾ കടത്തി. പളളിവാതിലിൻറെ താഴ്വശം കരിങ്കല്ലുകൊണ്ട് തകർത്താണ് കളളൻ അകത്ത് കടന്നത്. രണ്ട് നേർച്ചപ്പെട്ടികൾ കളളൻ കൊണ്ടുപോയി. മേലുകാവ് പൊലീസ് സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് നൂറു മീറ്റർ മാത്രം അകലെയുളള പളളിയിലാണ് മോഷണം നടന്നത്.
പളളിക്കടുത്ത് നിർമാണം നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപം കുത്തിത്തുറന്ന നിലയിൽ നേർച്ചപ്പെട്ടികൾ പിന്നീട് കിട്ടി. ഇതിലുണ്ടായിരുന്ന പണമത്രയും നഷ്ടപ്പെട്ടു. പതിനായിരത്തിൽ അധികം രൂപ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസ് അനുമാനം. പുലർച്ചെ അഞ്ചരയ്ക്ക് കുർബാനയ്ക്കായി പളളി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
മേലുകാവ് പൊലീസ് സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് നൂറു മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പളളിയിലുണ്ടായ മോഷണം പൊലീസിനെയും ഞെട്ടിച്ചു. വിരലടയാള വിദഗ്‍ധരും ശ്വാനസേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നായ മണം പിടിച്ച് ഓടിയത് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ്. രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയത് എന്ന അനുമാനത്തിലാണ് പൊലീസ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലാ എഎസ്‍പി നിഥിൻരാജ് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി

