അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന: പുലിവാല്‍ പിടിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡിയും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുമാണ് പുലിവാല്‍ പിടിച്ചത്. ബി.ജെ.പി. ഓഫീസുകളില്‍ കാവല്‍ക്കാരെ ആവശ്യമാണെങ്കില്‍ അഗ്‌നിവീരര്‍ക്ക് മുന്‍ഗണന നല്‍കും എന്നായിരുന്നു വിജയ്വര്‍ഗിയയുടെ പ്രസ്താവന. ഇന്‍ഡോറില്‍ അഗ്‌നിപഥ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ”അഗ്നിവീര്‍ 21-ാം വയസില്‍ സേനയില്‍ ചേരുന്നു എന്ന് കരുതുക. സേനയില്‍ നിന്ന് പുറത്തുവരുമ്പോള്‍ അയാള്‍ക്ക് 25 വയസ് തികയും. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചില്‍ അഭിമാനത്തിന്റെ ‘അഗ്നിവീര്‍’ മെഡലും. ഇവിടെയുള്ള ബി.ജെ.പി. ഓഫീസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടി വന്നാല്‍, ഞാന്‍ മുന്‍ഗണന നല്‍കുക അഗ്നിവീറിനായിരിക്കും” -വിജയ്വര്‍ഗിയ പറഞ്ഞു.

പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിജയ്വര്‍ഗിയക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. രാജ്യത്തെ യുവത്വത്തെ അപമാനിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. യുവാക്കള്‍ ഊണും ഉറക്കവുമില്ലാതെ ശാരീരിക പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് ബി.ജെ.പി. ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ല എന്ന് കേജ്രിവാള്‍ വ്യക്തമാക്കി. ഇതിലൂടെ ബി.ജെ.പിയുടെ മനോനിലയാണ് പുറത്തുവന്നതെന്നു കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പ്രതികരിച്ചു. 2019 തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ”മേം ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍)” മുദ്രാവാക്യത്തിന്റെ ആശയം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധിയും വിജയ്വര്‍ഗിയയെ തള്ളിപ്പറഞ്ഞു. അഗ്നിവീരന്മാരെ ബി.ജെ.പി. കാണുന്നത് കൂലിക്ക് വാങ്ങുന്ന ചൗക്കിദാര്‍മാരായി മാത്രമാണെന്നത് വ്യക്തമാണെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഉെവെസി പറഞ്ഞു. എന്നാല്‍, തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് വിജയ്വര്‍ഗിയ ആരോപിച്ചു. ‘ടൂള്‍കിറ്റു’മായി ബന്ധപ്പെട്ട ആളുകള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് അഗ്നിവീറുകളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശവും വിവാദമായിരുന്നു. അഗ്നിവീര്‍മാര്‍ക്ക് അലക്കുകാരുടെയും ബാര്‍ബര്‍മാരുടെയും ഡ്രൈവര്‍മാരുടെയും അടക്കം പരിശീലനം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.17/06/22 വെള്ളിയാഴ്ച പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി റെഡ്ഡിയെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പ്രസ്താവന ഞെട്ടിക്കുന്നതെന്നായിരുന്നു തെലങ്കാന മന്ത്രി കെ.ടി.രാമറാവുവിന്റെ പ്രതികരണം. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും വിമര്‍ശനവുമായി രംഗത്തെത്തി. സായുധസേനാ പരിശീലന കേന്ദ്രം അലക്കുകാരെയും ഡ്രൈവര്‍മാരെയും ഇലക്ട്രീഷ്യന്മാരെയും സൃഷ്ടിക്കുന്ന കേന്ദ്രമാക്കി മാറുകയാണെന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →