വ്യവസായ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി എറണാകുളം ജില്ല ഈ വർഷം ലക്ഷ്യമിടുന്നത് 14610 സംരംഭങ്ങൾ

വ്യവസായ മേഖലയിൽ വമ്പൻ കുതിപ്പിനൊരുങ്ങി എറണാകുളം ജില്ല. സംസ്ഥാനത്തിൻ്റെ വ്യവസായ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയിൽ ഈ സാമ്പത്തിക വർഷം വൻ തോതിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിച്ച് വരുന്നത്. 

സംസ്ഥാന സർക്കാറിൻ്റെ “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 14610 സംരംഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതും  ജില്ലയിലാണ്. 

ലക്ഷ്യമിടുന്നത് 49000 തൊഴിലവസരങ്ങൾ

സംരംഭകത്വ വർഷത്തോടനുബന്ധിച്ച് ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതിനൊപ്പം പല ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജില്ലയിൽ ലക്ഷ്യമിടുന്ന 14610 പുതിയ സംരംഭങ്ങളിൽ പൂർത്തിയാകുന്നതോടെ കുറഞ്ഞത് 49000 തൊഴിലവസരങ്ങളെങ്കിലും  സൃഷ്ടിക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. 

 
ഈ വർഷം പത്തിരട്ടി സംരംഭങ്ങൾ

2021-2022 സാമ്പത്തിക വർഷത്തിൽ 1308 യൂണിറ്റുകളായിരുന്നു ജില്ലയിൽ ആരംഭിച്ചിരുന്നത്. സംരംഭകത്വ വർഷമായി ആചരിക്കുന്ന ഇക്കുറി ഇതിൻ്റെ 10 ഇരട്ടി സംരംഭങ്ങൾ പുതുതായി ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. അതായത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ 14.5  ശതമാനവും ജില്ലയിൽ യാഥാർത്ഥ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

പ്രത്യേക സാമ്പത്തിക മേഖലകൾ, ഐ.ടി ഹബ്ബുകളായ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, സ്റ്റാർട്ട് ആപ്പ് മിഷൻ ആസ്ഥാനം, സീപോർട്ട് – എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അസംസ്കൃത വസ്തുക്കളുടെ ലഭ്യത തുടങ്ങി ജില്ലയുടെ ഭൂമി ശാസത്രപരവും സാങ്കേതികവുമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് കൂടുതൽ സംരംഭങ്ങൾക്കുള്ള ഇടമായി എറണാകുളം ജില്ലയെ തിരഞ്ഞെടുത്തത്. ഇതിനോടകം വ്യവസായ മേഖലയിൽ ജില്ല കൈവരിച്ച നേട്ടങ്ങളും ഇതിന് വഴിയൊരുക്കിയിട്ടുണ്ട്.

 കുടുതൽ സംരംഭങ്ങൾ കോർപ്പറേഷനിൽ

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരമാവധി സംരംഭകരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് വ്യവസായ വകുപ്പ് ഉന്നമിടുന്നത്. ജില്ലാതലത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിനും താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് വ്യവസായ ഓഫീസുകളുമാണ്  ഇതിന് ചുക്കാൻ പിടിക്കുന്നത്.

 14610 എന്ന വലിയ ലക്ഷ്യം കോർപ്പറേഷനും നഗരസഭകളും ഉൾപ്പടെ ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങൾക്കുമായി വീതിച്ച് നൽകിയിട്ടുണ്ട്. കൊച്ചി നഗരസഭയിലാണ് ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിക്കുക. 2715 സംരംഭങ്ങൾ പുതുതായി ആരംഭിക്കുകയാണ് ലക്ഷ്യം. 228 സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വെങ്ങോലയാണ് ഗ്രാമപഞ്ചായത്തുകളിൽ മുൻപന്തിയിൽ. പോത്താനിക്കാട് പഞ്ചായത്തിൽ കുറഞ്ഞത് 46 സംരംഭങ്ങളെങ്കിലും ആരംഭിക്കാനാണ് നിർദ്ദേശം. 

ബ്ലോക്കുകളിൽ ഏറ്റവും മുൻപിലുള്ളത് വാഴക്കുളവും രണ്ടാം സ്ഥാനത്ത് കോതമംഗലവുമാണ്. സർക്കാർ നിർദ്ദേശമനുസരിച്ച് യഥാക്രമം 953,  909 എന്നിങ്ങനെ പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.ഈ വർഷം 320 സംരംഭങ്ങൾ ലക്ഷ്യമിടുന്ന കളമശ്ശേരിയാണ് മുനിസിപ്പാലിറ്റികളിൽ   മുൻപിൽ. പിന്നിൽ നിൽക്കുന്ന  കൂത്താട്ടുകുളത്ത് 79 സംരംഭങ്ങൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഗ്രാമപ്രദേശങ്ങളിലേക്ക്  കൂടുതൽ സംരംഭങ്ങൾ

നഗര പ്രദേശങ്ങൾ പോലെ ഗ്രാമങ്ങളിലും കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിക്കുക എന്ന ലക്ഷ്യമാണ് വ്യവസായ വകുപ്പിൻ്റേത്. ഇതു മുൻനിർത്തി പ്രത്യേക പരിഗണനയാണ് ഗ്രാമപഞ്ചായത്തുകൾക്കു നൽകിയിട്ടുള്ളത്. ജില്ലയിൽ പുതുതായി ആരംഭിക്കാൻ ലക്ഷ്യമിടുന്ന 14610 സംരംഭങ്ങളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് തുടങ്ങാനാണു തീരുമാനം. കൊച്ചിൻ കോർപ്പറേഷൻ ഉൾപ്പെടെ ജില്ലയിലെ 14 നഗരസഭകളിലുമായി 5005 സംരംഭങ്ങളാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 9605 സംരംഭങ്ങൾ  ആരംഭിക്കാനാണ് വ്യവസായ വകുപ്പിൻ്റെ ലക്ഷ്യം. മിക്ക പഞ്ചായത്തുകളിലും കുറഞ്ഞത് നൂറ് സംരംഭങ്ങളെങ്കിലും ആരംഭിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →