ലൈംഗിക അതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് പേപ്പര്‍ കട്ടര്‍ കൊണ്ട് മാരകമായി മുറിവേറ്റു

ഭോപ്പാല്‍: ലൈംഗിക അതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് പേപ്പര്‍ കട്ടര്‍ കൊണ്ട് മാരകമായി മുറിവേറ്റു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയാക്കിയ യുവതിയുടെ മുഖത്ത് 118 തുന്നിക്കെട്ടുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു.ഭോപ്പാലിലെ ടി.ടി. നഗറില്‍ 09/06/22 വ്യാഴാഴ്ചയായിരുന്നു സംഭവം.

റോഷന്‍പുരയിലുള്ള ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയതായിരുന്നു 32 വയസുകാരിയായ യുവതി. ഭര്‍ത്താവ് ഹോട്ടലിനുള്ളിലേക്കു പോയപ്പോള്‍ അക്രമി സംഘത്തില്‍പ്പെട്ട ഒരാളുമായി യുവതി ബൈക്ക് പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ അസഭ്യം പറഞ്ഞതിന് അക്രമികളില്‍ ഒരാളുടെ മുഖത്ത് യുവതി അടിച്ചു. അതിനുശേഷം യുവതി ഭര്‍ത്താവിന്റെ അടുക്കലേയ്ക്കു പോയി.പിന്നീട് ദമ്പതികള്‍ ഹോട്ടലിനു പുറത്തുവന്നപ്പോള്‍ അക്രമികള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഓട്ടോത്തൊഴിലാളിയും ഗുണ്ടാനേതാവുമായ ബാദ്ഷാ ബേഗ് (38) മറ്റൊരു പ്രതിയുമാണ് പിടിയിലായത്.

മൂന്നാമനായി തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ബേഗ് 32 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. അതിനിടെ, ജില്ലാ ഭരണകൂടത്തിന്റെയും ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെയും നേതൃത്വത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികളെ സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പൂര്‍ണ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു. അക്രമികളെ ധീരമായി ചെറുത്തു നിന്ന യുവതിയെ അഭിനന്ദിച്ച ചൗഹാന്‍ ഒരുലക്ഷം രൂപ പുരസ്‌കാരവും നല്‍കി. സമാന അനുഭവങ്ങളില്‍പ്പെന്നവര്‍ക്ക് ഇവര്‍ ഒരു പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →