കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ബംഗ്ലാദേശ് ഹൈക്കമ്മിഷന് ഓഫീസിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് സ്ത്രീയെ വെടിവച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.
മധ്യകൊല്ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസ് മേഖലയില്‍ ജൂൺ 10 ന് ഉച്ചയോടെയാണ് നഗരത്തെ പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍. ഹൈകമ്മിഷന് മന്ദിരത്തിന് പുറത്തുള്ള ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസുകാരന് പലകുറി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇടുങ്ങിയ പരിസരപ്രദേശത്തുണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തിയിലായി. സമീപത്ത് ഇരുചക്രവാഹനത്തിലിരുന്ന സ്ത്രീക്കാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ സ്ത്രീ മരിച്ചു. തുടര്‍ന്നാണ് പോലീസുകാരന് സ്വയം നിറയൊഴിച്ചത്.പോലീസുകാരന്റേയും സ്ത്രീയുടേയും പേരുകള്‍ ഇതുവരെ അറിവായിട്ടില്ല. പോലീസുകാരന് വെടിയുതിര്‍ത്തതിന്റെ കാരണവും വ്യക്തമല്ല. എല്ലാം അഞ്ചുമിനിറ്റ് കൊണ്ടു പൂര്‍ത്തിയായി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

