പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി. പോലീസിന് കൊടുത്ത മൊഴി സാക്ഷിയായ ഉണ്ണികൃഷ്ണനാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മൊഴി നൽകിയതെന്ന് ഉണ്ണികൃഷ്ൻ കോടതിയെ അറിയിച്ചു.
കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നെന്ന് ആവർത്തിച്ച് മധുവിൻറെ കുടുംബം ഇന്നലെ വീണ്ടും രംഗത്ത് വന്നിരുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിൻറെ സഹോദരി സരസു ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മധുവിൻറെ കുടുംബത്തിൻറെ ആവശ്യം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിൻറെ അമ്മ മല്ലി പറയുന്നു. കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിൻറെ കുടുംബം പറയുന്നു.
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് 2022 ഫെബ്രുവരിയിൽ നാല് വർഷം തികഞ്ഞു. നീതിക്കായുള്ള കാത്തിനിരിപ്പിനിടെ അനുഭവിക്കേണ്ടിവന്നത് ഭീഷണയും ഒറ്റപ്പെടുത്തലുമെന്ന് മധുവിൻറെ സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാക്ഷികളിൽ ചിലർ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകൾ വേറെയുണ്ടെന്ന് പ്രോസിക്യൂട്ടർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരുമടങ്ങുന്ന പതിനാറംഗ സംഘം ആൾക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ മധുവിൻറെ കുടുംബത്തിൻറെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കേസിൽ നിന്നു പിന്തിരിപ്പിക്കാൻ വീടികയറി അക്രമിക്കാൻ ശ്രമിച്ചു. ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിൻറെ അമ്മ പേടിയോടെ പറയുന്നു.
2018 ഫെബുവരി 22 നാണ് ആൾക്കൂട്ട വിചാരണയെയും ക്രൂര മർദനത്തെയും തുടർന്ന് മധു മരിച്ചത്. കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മർദനത്തിന് നേതൃത്വം നൽകിയത് ആറു പ്രതികളാണ്. അതിൽ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈൻറെ ചവിട്ടേറ്റ് വീണ മധുവിൻറെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിൻറെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

