ദേശീയ പരീക്ഷയില്‍ തിളങ്ങി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രത്യുഷക്കിത് അഭിമാന നേട്ടം

എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള  നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വിജയം നേടി 83 വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തര്‍ക്കും 48,000 രൂപ സ്‌കോളര്‍ഷിപ് ആയി ലഭിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 225 ശതമാനമാണ് റിസള്‍ട്ടിലെ വര്‍ധന. 

ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ പ്രത്യുഷ പദ്ധതി വഴിയാണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന പ്രകടനം നടത്താന്‍ സാധിച്ചത്. പ്രത്യുഷ പദ്ധതിയില്‍ ഉള്‍പ്പെട്ട 260 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ യോഗ്യത നേടി. മുന്‍വര്‍ഷങ്ങളില്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ യോഗ്യത നേടാനായത്.  

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളെ ദേശീയ മത്സര പരീക്ഷയില്‍ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രത്യുഷ പദ്ധതി ആവിഷ്‌കരിച്ചത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു.  പെട്രോനെറ്റ് എല്‍എന്‍ജി യുടെ സാമ്പത്തിക സഹായത്തില്‍  എന്‍സ്‌ക്കൂള്‍ ലേണിംഗ് ആണ് വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കിയത്. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് പരിശീലനക്ലാസുകള്‍ നടത്തിയത്. പരിശീലനം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ നോഡല്‍ അധ്യാപകരെയും നിയമിച്ചിരുന്നു.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ജില്ലയിലെ 13 സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആദ്യമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ യോഗ്യത നേടി.

ഈ അധ്യായന വര്‍ഷത്തിലും പ്രത്യുഷ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എന്‍സ്‌ക്കൂള്‍ ലേണിംഗ് സി.ഇ.ഒ മുഹമ്മദ് യാസീന്‍ പറഞ്ഞു. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് പുറമെ നാഷണല്‍ ടാലെന്റ് സെര്‍ച്ച് പരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →