തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിൽനിന്ന് പണവും സ്വർണ്ണവും നഷ്ടമായ സംഭവത്തിൽ സബ്കളക്ടർ മാധവികുട്ടി പ്രാഥമികാന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഈ വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ എൽ.എ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആർ.ഡി. ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്. 2010 മുതൽ 2019 വരെ കാലയളവിലുള്ള വിവിധ കേസുകളിലെ തൊണ്ടിമുതലുകളിൽ നിന്നാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാൽ ഈ കാലയളവുകളിലും അതിനു ശേഷവുമുള്ള കസ്റ്റോഡിയൻമാർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് സബ്കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സബ് കളക്ടർ കമ്മീഷണർക്ക് പരാതി നൽകുകയും അതുപ്രകാരം പേരൂർക്കട എസ്. എച്ച്.ഒ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.