ന്യൂഡല്‍ഹി: മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് മഥുര ജില്ലാ കോടതി. ശ്രീകൃഷ്ണ ജന്മഭൂമിയിയില്‍ നിര്‍മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മസ്ജിദ് പൊളിച്ചുനീക്കണമെന്നും അവിടെയുള്ള 13.37 ഏക്കര്‍ ഭൂമിയും കൃഷ്ണഭഗവാന്റെ പേരില്‍ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ശ്രീകൃഷ്ണന്റെ പേരില്‍ രഞ്ജന അഗ്‌നിഹോത്രിയും ഏതാനും വിശ്വാസികളുമാണു ഹര്‍ജിക്കാര്‍. കൃഷ്ണജന്മഭൂമിയിലെന്ന് ആരോപിക്കപ്പെടുന്ന ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ നേരത്തേ മഥുര സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്ന്, ക്ഷേത്രവളപ്പില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് ഈദ്ഗാഹ് മസ്ജിദ് പണിതത്. ഇതു നീക്കണമെന്ന ഹര്‍ജിയില്‍ ഇനി വിശദമായ വാദം നടക്കും.
എല്ലാ ആരാധനാലയങ്ങളുടെയും മതപരമായ സ്വഭാവം സ്വാതന്ത്ര്യദിനത്തില്‍ എങ്ങനെയായിരുന്നോ അതുപോലെ നിലനിര്‍ത്തണമെന്ന 1991-ലെ നിയമം ചൂണ്ടിക്കാട്ടിയാണു സിവില്‍ കോടതി ഹര്‍ജി തള്ളിയത്.ഈ നിയമം ഏകപക്ഷീയമാണെന്നും പഴയ ക്ഷേത്രധ്വംസനങ്ങള്‍ക്കെതിരേ ഹിന്ദുക്കള്‍ക്കു കോടതിയെ സമീപിക്കാനുള്ള വഴി പോലും അടച്ചുകളെഞ്ഞെന്നും ആരോപിക്കുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിനിടെ, ഈദ്ഗാഹ് മസ്ജിദില്‍ ബാലഗോപാലന്റെ വിഗ്രഹം പ്രതിഷ്ഠിക്കാനും പൂജ നടത്താനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മഥുര സിവില്‍ കോടതിക്കു മുന്നിലും ഹര്‍ജിയെത്തി.ഹിന്ദു മഹാസഭ ദേശീയ ട്രഷറര്‍ ദിനേശ് കൗശിക്കാണു ഹര്‍ജിക്കാരന്‍.

