ആറുമാസം പ്രായമായ പിഞ്ചുകുട്ടിയെ മാതാപിതാക്കളുടെ അരികില്‍നിന്ന് തട്ടിക്കൊണ്ടുപോയി മാല കവര്‍ന്നശേഷം അര്‍ധരാത്രിയില്‍ വലിച്ചെറിഞ്ഞിട്ടുപോയ മോഷ്ടാക്കള്‍ പിടിയില്‍

കൊട്ടിയം: ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കളുടെ അരികില്‍നിന്ന് അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോയി മാല കവര്‍ന്നശേഷം വലിച്ചെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയിലായി. കൊറ്റങ്കര റാണിനിവാസില്‍ വിജയകുമാര്‍ (40), കൊറ്റങ്കര തുരുത്തിയില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ (29) എന്നിവരാണ് കണ്ണനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ കൈയില്‍കിടന്ന സ്വര്‍ണ ചെയിന്‍ തട്ടിയെടുത്തശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

നാലാം തിയ്യതി വെളുപ്പിനാണ് സംഭവം നടന്നത്. തലച്ചിറ കോളനിയില്‍ ബീമാ മന്‍സിലില്‍ ഷെഫീഖ്- ഷംന ദമ്പതികളുടെ ആറുമാസം പ്രായമുള്ള ഷെഹ്‌സിയയെ പ്രതി വിജയകുമാര്‍ തട്ടിക്കൊണ്ടുപോയി ചെയിന്‍ എടുത്തശേഷം ഉപേക്ഷിച്ചു. വീടിന്റെ അടുക്കളവാതിലിലൂടെ അകത്തുകയറി കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ കൈയില്‍കിടന്ന സ്വര്‍ണചെയിന്‍ അഴിച്ച് എടുത്തശേഷം തലച്ചിറയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവച്ചു. പിന്നീട് വേറെ വീടുകളില്‍ മോഷണത്തിനായി പോവുകയും ചെയ്തു.

പരിസരത്തെ രണ്ട് വീടുകളില്‍ മോഷണത്തിനായി ശ്രമിച്ചെങ്കിലും ഒരിടത്ത് പട്ടി കുരച്ചതിനാല്‍ വീട്ടുകാര്‍ എണീറ്റു. മറ്റൊരുവീട്ടില്‍ കയറിയസമയത്ത് ആട് ബഹളംവച്ചതിനാലും മോഷണശ്രമം പരാജയപ്പെട്ടു. തിരിച്ചുവരുന്നവഴി കുട്ടിയെ എടുത്തെങ്കിലും ഉറക്കെ കരഞ്ഞതിനാല്‍ വലിച്ചെറിഞ്ഞിട്ട് ബൈക്കില്‍ സ്ഥലംവിട്ടു.

പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോള്‍ ത്രികോണാകൃതിയിലുള്ള നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് പ്രതി സ്ഥലംവിട്ടതെന്നു മനസിലായി. സ്ഥലത്തെ ത്രികോണ നമ്പര്‍പ്ലേറ്റുകളുള്ള ബൈക്കുകള്‍ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

കുട്ടിയില്‍നിന്ന് മോഷ്ടിച്ച മാല പണയംവയ്ക്കുന്നതിനാണ് വിജയകുമാര്‍ സഹോദരിയുടെ മകനായ മണികണ്ഠനെ കൂട്ടുപിടിച്ചത്. മോഷണവിവരം താന്‍ അറിഞ്ഞിരുന്നുവെന്ന് മണികണ്ഠന്‍ പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച മാല കണ്ടെടുത്തു.

രാത്രിസമയത്ത് വിജനമായ സ്ഥലത്ത് കുട്ടിയെ വലിച്ചെറിഞ്ഞത് അത്യന്തം ഗുരുതരമായ പ്രശ്‌നമാണ്. പാമ്പോ തെരുവ്‌നായകളോ കുട്ടിയെ ആക്രമിച്ചാല്‍ മരണംവരെ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്. ഉറുമ്പ്, ചിതല്‍, കൊതുക് പോലെയുള്ള കീടങ്ങള്‍ ആക്രമിക്കാനും സാധ്യതയുണ്ട്. കാറ്റും മഴയും വന്നാലും കുട്ടിയുടെ ആരോഗ്യത്തിന് അത് ഹാനികരമാണ്.

ഒളിപ്പിച്ചുവച്ച കുഞ്ഞിനെ മടങ്ങിവന്ന് എടുത്തത് എന്തിനെന്നതു ദുരൂഹമാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സമീപം കുട്ടിയെ മടക്കിയെത്തിക്കാന്‍തക്ക മനസലിവ് തസ്‌കരനുണ്ടെന്ന് കരുതാനാവില്ല. ശാരീരിക ക്ഷതമോ തകരാറോ ഉണ്ടാവാതെ മടക്കിക്കിട്ടിയത് മഹാഭാഗ്യമായാണ് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →