ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍: സി.പി.എം. ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ക്കെതിരേ സി.പി.എം. നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഒഴിപ്പിക്കലിനെതിരേ ഹര്‍ജി ഫയല്‍ ചെയ്ത സി.പി.എമ്മിനോടും മറ്റു ഹര്‍ജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ സി.പി.എം എന്തിനാണു ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നു കോടതി ആരാഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിച്ചതുകൊണ്ട് കേസില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിക്കല്‍ രണ്ട് ദിവസത്തേക്കു നിര്‍ത്തിവയ്ക്കാനും സി.പി.എം. അഭ്യര്‍ഥിച്ചു. ഈ വിഷയത്തില്‍ ഷഹീന്‍ബാഗിലെ ഒരു വ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടി മാത്രമാണു സമീപിച്ചതെന്നും ജസ്റ്റിസ് നാഗേശ്വര റാവു വിലയിരുത്തി. കോടതി നിര്‍ദേശ പ്രകാരം സി.പി.എം. ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നേരിട്ട് സുപ്രീം കോടതിയിലേക്കു വരരുതെന്നും കോടതി നിര്‍ദേശിച്ചു.

സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണു ഷഹീന്‍ബാഗില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. അനധികൃത കൈയേറ്റങ്ങളല്ല ഷഹീന്‍ഹാഗിലേതെന്നാണു ഹര്‍ജിയിലുള്ളത്. അനധികൃതമായ എല്ലാ കൈയേറ്റങ്ങളും തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനും പ്രതികരിച്ചു. നേരത്തെ ജഹാംഗീര്‍പുരിയിലും സമാനമായ ഒഴിപ്പിക്കല്‍ നടന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് കോടതി ഇടപെട്ട് നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഷഹീന്‍ ബാഗ്. ബി.ജെ.പി. ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കാനുള്ള നടപടി തുടങ്ങിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →