ന്യൂ ഡല്‍ഹി: ലൗ ജിഹാദ് സംബന്ധിച്ച് കേരളത്തിലെ ക്രൈസ്‌തവ വിശ്വാസികളില്‍ നിന്ന് പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കി. മക്കളെ നിര്‍ബന്ധപൂര്‍വം അന്യമതസ്ഥര്‍ വിവാഹം കഴിക്കുന്നതായിട്ടുളള ചില പരാതികള്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ അത് സത്യമായിരുന്നുവെന്ന് കണ്ടെത്തിയതായും കമ്മീഷന്‍ ചെയര്‍മാന്‍ ഇക്‌ബാല്‍ സിംഗ് ലാല്‍പുര പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ സഭകളുടെയും സംഘടനകളുടെയും പരാതികള്‍ ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ ഗൗരവത്തിലെടുത്തിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. കേരളത്തിലെ ക്രൈസ്‌തവ സംഘടനകള്‍ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ലൗജിഹാദ് സംബന്ധിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുളളത് ഇസ്ലാമിക തീവ്രവാദികള്‍ സജീവമായ കേരളത്തിലാണ്. പോലീസ് കേസെടുക്കുകയും കോടതി പരിശോധിക്കുകയും ഒക്കെ ചെയ്‌തിട്ടും ഇക്കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്താനാണ് തല്‍പര കക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. ലൗജിഹാദിന് ഇരയായവര്‍ സ്വയം മുന്നോട്ടുവന്ന് അക്കാര്യം വെളിപ്പെടുത്തിയിട്ടും മത തീവ്രവാദികളുടെ ഈ കെണിയില്‍ പെട്ട് അഫ്‌ഗാന്‍ ജയിലുകളില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെയും, അയിഷ എന്ന സോണിയ സെബാസ്‌റ്റിയന്റെയും ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ലൗജിഹാദിന്‍റെ ശക്തികള്‍ കണ്ണടച്ചിരുട്ടാക്കുകയും വര്‍ഗീയ പ്രീണനത്തിന്റെ വക്താക്കള്‍ അത് ശരി വയ്‌ക്കുകയുമാണ്.
ലൗ ജിഹാദിനെക്കുറിച്ച തങ്ങള്‍ക്കുലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ പറഞ്ഞിരിക്കുന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ലൗജിഹാദ് എന്നൊന്നില്ലെന്നും സംഘപരിവാറിന്റെ പ്രചരണമാണിതെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലമിക മതതീവ്രവാദ സംഘടനകള്‍ക്കുളള മറുപടിയാണ് ഈ ഭരണഘടനാ സ്ഥാപനം നല്‍കിയിരിക്കുന്നത്. ലൗജിഹാദ് എന്നൊന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുളളതാണെന്നും സുപ്രീം കോടതി തന്നെ അത് സമ്മതിച്ചിട്ടുളളതാണെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാനുളള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ലൗ ജിഹാദ് നടക്കുന്നതായ പരാതിയെ കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടുനല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുനല്‍കി കോടതിയെ കബളിപ്പിക്കുകയാണ് പോലീസ് ചെയ്‌തത്.
ലൗജിഹാദഎന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. ഇസ്ലാമിക മതതീവ്രവാദ സംഘടനകളില്‍പെട്ട നിരവധി പേര്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയ കുരുക്കില്‍ പെടുത്തി വിവാഹം ചെയ്‌ത് മതം മാറ്റുന്നു എന്നാണ് നിരന്തരം പരാതികള്‍ ഉയരുന്നത്. ഇത്തരം പരാതികളില്‍ ഏതെങ്കിലും ഒന്ന് ശരിയല്ലെന്ന് വന്നാല്‍ തന്നെ മറ്റുപരാതികള്‍ ഒക്കെ വ്യാജമാണെന്നോ ,അത്തരം സംഭവങ്ങള്‍ നടക്കാറില്ലെന്നോ പറയുന്നത് സാമാന്യ ബോധത്തിന് നിരക്കുന്നതല്ല. എന്നാല്‍ ലൗജിഹാദ് നിര്‍ബാധം നടത്താന്‍ മത തീവ്രവാദികള്‍ കളളപ്രചരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. .ഇക്കൂട്ടരുടെ പ്രചരണത്തിനും ഭീഷണിക്കും വഴങ്ങാതെ ലൗജിഹാദ് സത്യമാണെന്ന് കേരളത്തിലെ നിരവധി ക്രൈസ്‌തവ മത മേലദ്ധ്യക്ഷന്മാര്‍ ആവര്‍ത്തിച്ചുവ്യക്തമാക്കുന്നു. സ്വന്തം ഇടവകകളിലെ വിശ്വാസികളില്‍ നിന്ന് തങ്ങള്‍ക്കുലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇതുപറയുന്നത്.
അന്വേഷണത്തില്‍ ലൗജിഹാദിന് ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ നല്‍കാമെന്നും ക്രൈസ്‌തവ സഭാ മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട. എന്നാല്‍ ഇതിന് ചെവി കൊടുക്കാതെ ഇസ്ലാമിക മത തീവ്രവാദികളുടെ താളത്തിന് തുളളി ക്രൈസ്‌തവ മത മേധാവികളുടെ വായടപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ലൗജിഹാദ് പരാതികളെക്കുറിച്ച് അന്വേഷിക്കാമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഖ്യാപനത്തെ ക്രൈസ്‌തവ സഭകളും സംഘടനകളും സ്വാഗതം ചെയ്യുകയും പരാതികള്‍ നല്‍കുകയും വേണം.
ലൗ ജിഹാദ് നടക്കുന്നതായി പാര്‍ട്ടിതന്നെ സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയ നേതാവിനെതിരെ നടപടിയെടുത്ത് മത തീവ്രവാദികളെ പ്രോത്സഹിപ്പിക്കുന്ന നയമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം സ്വീകരിക്കുന്നത്. ഇത്തരം കളളത്തരങ്ങള്‍ പൊളിക്കുന്നതിനും മതത്തിന്‍റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും ലൗജിഹാദിന്റെ യാഥാര്‍ത്ഥ്യം പുറത്തുവന്നേ മതിയാവൂ. ലൗജിഹാദില്‍ അന്വേഷണത്തി്‌ന തയ്യാറായിരിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷനം ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യണം.

