ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി : സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

കാസർകോട് : കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. 2022 ഏപ്രില്‍ 29 വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →