‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ കാമ്പയിനിന്റെ ആദ്യ പടിയായി സർവ്വേയ്ക്കായുള്ള ഒരുക്കങ്ങൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ സഹായത്തോടെയാണ് സർവ്വേ നടത്തുന്നത്. എല്ലാ വീടുകളിലും നേരിട്ടെത്തിയാണ് വിവരശേഖരണം നടത്തുക. സംസ്ഥാനത്ത് മെയ് 8 മുതൽ 15 വരെ സർവ്വേ നടത്താനാണ് ലക്ഷ്യമിടുന്നത്. 18 മുതൽ 59 വയസ് വരെയുള്ള തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുക എന്നതാണ് കാമ്പയിനിന്റെ മുഖ്യലക്ഷ്യം.
ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത മൂന്ന് മാസ്റ്റർ ട്രെയിനർമാർക്ക് കില ദ്വിദിന പരിശീലനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി അംബാസിഡർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ 102 കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി. ഡി. എസ്) കളിലും കമ്മ്യൂണിറ്റി അംബാസിഡർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇവർക്കുള്ള ബ്ലോക്ക്തല പരിശീലനം പൂർത്തിയായി. പഞ്ചായത്ത് തലത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാർ സാങ്കേതിക വിവരങ്ങൾക്ക് നേതൃത്വം നൽകും. ഇവർക്കുള്ള പരിശീലനം ഏപ്രിൽ 25ന് പൂർത്തിയായി.
എന്യൂമറേറ്റർമാർ ആണ് വിവരശേഖരണം നടത്തുന്നത്. ഗ്രാമപ്രദേശങ്ങളിൽ 150 വീടുകൾക്ക് ഒരാൾ എന്ന നിലയിലും നഗരപ്രദേശങ്ങളിൽ 200 വീടുകൾക്ക് ഒരാൾ എന്ന നിലയിലുമാണ് എന്യൂമറേറ്റർമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിൽ എണ്ണായിരത്തിലധികം എന്യൂമറേറ്റർമാർ വിവരശേഖരണം നടത്തും. മെയ് നാലോടെ ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സി.ഡി.എസ് ചെയർപേഴ്സൺമാർക്കും സർവ്വേയുടെ ഭാഗമായി പരിശീലനം നൽകിയിട്ടുണ്ട്. നോളജ് ഇക്കോണമി മിഷൻ തയ്യാറാക്കിയ ഹാൻഡ്ബുക്കുകളുടെ വിതരണവും പൂർത്തിയായി. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും വരുംദിവസങ്ങളിൽ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
വിവരശേഖരണം പൂർത്തിയായ ശേഷം തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്കായി പ്രൊഫൈലുകൾ നിർമിക്കും. ഡിജിറ്റൽ കേരള മിഷൻ ഒരുക്കിയ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ശേഖരിച്ച വിവരങ്ങൾ നൽകുന്നതോടെ തൊഴിൽദാതാക്കൾക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനാകും. സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം തൊഴിൽ അന്വേഷകർക്ക് കാമ്പയിനിന്റെ ഭാഗമായി തൊഴിൽ നേടാനാകുമെന്നാണ് പ്രതീക്ഷ.

