പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്കു (പി.എം.ജി.കെ.വൈ) കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ കേരളം ഏറ്റുവാങ്ങിയതായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) കേരള ജനറല്‍ മാനേജര്‍ ശ്രീ വി.കെ.യാദവ് അറിയിച്ചു. കേരളത്തിന് പ്രതിമാസം 77,400.060 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മൂന്നുമാസത്തെ മൊത്തവിഹിതമായി 2.32 ലക്ഷം മെട്രിക് ടണ്‍ ആണ് അനുവദിച്ചിരുന്നത്. 905.58 കോടി രൂപ മൂല്യംവരുന്ന ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിന് പി.എം.ജി.കെ.വൈക്കു കീഴില്‍ കേരളത്തിന് അനുവദിച്ചിരുന്നത്.
ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും എഫ്.സി.ഐ കേരള തടസ്സരഹിതമായ ഭക്ഷ്യധാന്യവിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുകയും സംസ്ഥാന ഗവണ്‍മെന്റ് നിശ്ചിതസമയത്തിനുള്ളില്‍ അനുവദിച്ച മുഴുവന്‍ ഭക്ഷ്യധാന്യവും ഏറ്റെടുക്കുകയും ചെയ്തതായി ശ്രീ വി.കെ.യാദവ്പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴില്‍ സംസ്ഥാന ഗവണ്‍മെന്റ് 60.37 കോടി രൂപ വിലവരുന്ന 15,480.112 മെട്രിക് ടണ്‍ അരി ഏറ്റെടുത്തുകഴിഞ്ഞു. കുടിയേറ്റക്കാര്‍ക്കും സംസ്ഥാനത്ത് സാധുവായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ആവശ്യക്കാര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റിതര സംഘടനകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നു. ചാരിറ്റിബിള്‍ സ്ഥാപനങ്ങള്‍/ഗവണ്‍മെന്റിത സംഘടനകള്‍ എന്നിവര്‍ക്കായി 43 മെട്രിക് ടണ്‍ (42 മെട്രിക് ടണ്‍ അരിയും ഒരു മെട്രിക് ടണ്‍ ഗോതമ്പും) ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു.
എഫ്.സി.ഐയിലെ ജീവനക്കാര്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചും അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചും സാധാരണപ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചുമാണ് ഈ, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കിയതെന്ന് വി.കെ. യാദവ് വ്യക്തമാക്കി. വിവിധ ഭക്ഷ്യ വിതരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എഫ്.സി.ഐയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രി ഡി.വി. പ്രസാദ് ഐ.എ.എസ് മേല്‍നോട്ടം വഹിച്ചു.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് ആരും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രയാസപ്പെടാതിരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറമെ ആവശ്യക്കാര്‍ക്ക് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിനായിരുന്നു ഈ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കായി ഏകദേശം 120 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 80 കോടി ഇന്ത്യാക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.പിന്നീട് കുടിയേറ്റത്തൊഴിലാളികളടക്കമുള്ളവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കിയത്.