ഇന്ത്യയുമായുള്ള സഹകരണം പ്രക്ഷുബ്ധമായ കടലിലെ പ്രകാശകിരണം പോലെയെന്ന് ബോറിസ് ജോണ്‍സണ്‍

ന്യൂഡല്‍ഹി: ജനാധിപത്യം അട്ടിമറിക്കാനും പരമാധികാരം കവരാനും സ്വതന്ത്രവ്യാപാരത്തിനു തടയിടാനും സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം പ്രക്ഷുബ്ധമായ കടലിലെ പ്രകാശകിരണം പോലെയെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ദീപാവലിയോടെ നിലവില്‍വരും. ഇരുരാജ്യങ്ങളുടെയും ആരോഗ്യവകുപ്പുകള്‍ തമ്മില്‍ അടുത്ത സഹകരണം ഉറപ്പാക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാപാരം, ആരോഗ്യം, കാലാവസ്ഥ, പ്രതിരോധം, സുരക്ഷ, ഊര്‍ജം തുടങ്ങി വിവിധമേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഒരുദശാബ്ദത്തേക്കുള്ള റോഡ്മാപ്പ് 2030-ന് കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.

ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ചരിത്രപ്രാധാന്യമുണ്ടെന്നു മോദി പറഞ്ഞു. തുടര്‍ന്നാണ്, ദീപാവലിയോടെ സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍വരുമെന്നു ജോണ്‍സണ്‍ അറിയിച്ചത്. നടപടിക്രമങ്ങള്‍ അപ്പോഴേക്കു പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇറക്കുമതി ചെയ്യുന്ന ഒട്ടേറെ ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കും. ഉദ്യോഗസ്ഥ ഇടപെടല്‍ പരമാവധി കുറച്ച്, ഇന്ത്യക്കായി പ്രത്യേക കയറ്റുമതി ലൈസന്‍സ് കൊണ്ടുവരുമെന്നും ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതാണെന്നും പ്രശ്നങ്ങള്‍ക്കു നയതന്ത്രപരിഹാരം കാണണമെന്നും പ്രധാനമന്ത്രിമാര്‍ നിര്‍ദേശിച്ചു. അഫ്ഗാനിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാകരുത്. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും സൈബറിടത്തിലും പ്രതിരോധസഹകരണത്തിനാണു ധാരണ. കാലാവസ്ഥ, ഊര്‍ജമേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി ബ്രിട്ടനെ ഇന്ത്യ ദേശീയ ഹൈഡ്രജന്‍ മിഷനിലേക്കു സ്വാഗതം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →