ന്യൂ ഡല്‍ഹി : യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം യമനിലേക്ക് തിരിക്കുന്നു. വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സഹമന്ത്രി വി.മുരളീധരന്റെയും നേതൃത്വത്തില്‍ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്നു. ദയാധനത്തിനായുളള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി എംബസിക്ക് നിര്‍ദ്ദേശം നല്‍കി.
ദയാധനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയാറാണെന്ന് യമന്‍ അധികൃതര്‍ അറിയിച്ചിരുന്നു. യമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍(ഒന്നരകോടിയോളം രൂപ)ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് ദശലക്ഷം രൂപ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം
മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മക്കയച്ച കത്തില്‍ നിമിഷപ്രിയ പറഞ്ഞിരുന്നു.തൊടുപുഴ സ്വദേശി ടോമി തോമസിന്‍റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്‌ധാനവുമായി എത്തിയ തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിമിഷപ്രിയ വാദിച്ചിരുന്നത്.

