ലണ്ടന്‍: അമേരിക്കയിലെ ചാരവൃത്തി കുറ്റാരോപണങ്ങള്‍ മുന്‍നിര്‍ത്തി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അവിടേക്കു നാടുകടത്താന്‍ ബ്രിട്ടീഷ് ജഡ്ജിയുടെ അനുമതി. കേസില്‍ ഇനി തീരുമാനം എടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. അസാന്‍ജിനു മുന്നില്‍ ഇപ്പോഴും അപ്പീല്‍ സാധ്യതകള്‍ അടഞ്ഞിട്ടില്ല. നാടുകടത്തലാകാമെന്ന കീഴ്ക്കോടതിയുടെ ഉത്തരവിനെതിരേ അപ്പീലിന് അനുമതി തേടി നേരത്തെ അസാന്‍ജ് യു.കെ. സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി അപ്പീലിന് അനുമതി നല്‍കിയില്ല. ഇതിനു പിന്നാലെയാണ് നാടുകടത്തലിനു വെസ്റ്റമിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി. കേസിന്റെ വാദങ്ങള്‍ ബെല്‍മാര്‍ഷ് ജയിലില്‍നിന്ന് വീഡിയോ ലിങ്കിലൂടെ അസാന്‍ജ് നിരീക്ഷിച്ചു. നാടുകടത്തണോ എന്നതില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇനി തീരുമാനമെടുക്കും.
ഒരു ദശാബ്ദം മുമ്പ് അമേരിക്കന്‍ ചാരരഹസ്യങ്ങള് വിക്കിലീക്സിലൂടെ പുറത്തുവിട്ടതുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ അസാന്‍ജിനെതിരേ നിയമനടപടി പുരോഗമിക്കുന്നത്. അവിടുത്തെ വിചാരണയില്‍നിന്ന് ഒഴിവാകാനുള്ള അസാന്‍ജിന്റെ നീക്കങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആഭ്യന്തര സെക്രട്ടറിക്ക് സബ്മിഷന് നല്കാന് അസാന്‍ജിന്റെ അഭിഭാഷകര്‍ക്ക് നാലാഴ്ചത്തെ സാവകാശമുണ്ട്. വിക്കിലീക്സ് സ്ഥാപകന്‍ ഇതിനിടെ വേണമെങ്കില്‍ െഹെക്കോടതിയെയും സമീപിക്കാം.

