കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആറും ഒമ്പതും വാർഡുകളിൽ വാർഡ്തല സമിതി രൂപവത്കരിച്ചു. എല്ലാ വീടുകളിലും ഒരു കൃഷിയെങ്കിലും നടത്തി ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാർഡിലെ മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കും.
തരിശുനിലങ്ങൾ കണ്ടെത്തി ഓരോ സ്ഥലത്തും ചെയ്യാവുന്ന കൃഷി ഏതെന്ന് നിർണയിക്കും. തെങ്ങിന്റെ ഇടവിളകളായി ചേന, ചേമ്പ്, പയർ, ഉഴുന്ന് എന്നിവ കൃഷി ചെയ്യും. വാഴ, നെൽകൃഷി എന്നിവ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പ് പദ്ധതി നടപ്പാക്കും. കുടുബശ്രീ, സ്വയംസഹായ സംഘങ്ങൾ, ക്ലബുകൾ, യുവജന കൂട്ടായ്മകൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ പറഞ്ഞു.
ആറാം വാർഡിൽ നടന്ന സമിതി രൂപവത്കരണ യോഗത്തിൽ ദാമോദരൻ പൊറ്റക്കാട്ട് അധ്യക്ഷനായി. ഒമ്പതാം വാർഡിൽ നടന്ന സമിതി രൂപവത്കരണ യോഗത്തിൽ വാർഡ് മെമ്പർ കെ.പി ലത അധ്യക്ഷയായി. കൃഷി ഓഫീസർ കെ.വി.നൗഷാദ്, രഘുനാഥ് ഒതയോത്ത്, വാർഡ് വികസന സമിതി കൺവീനർ മനോജ് എന്നിവർ പങ്കെടുത്തു.

