ല്വിവില്‍ മിസൈല്‍ ആക്രമണം: ഏഴു മരണം

കീവ്: യുക്രൈന്‍ പട്ടണമായ ല്വിവിലെ സൈനിക ആയുധകേന്ദ്രം ഉന്നമിട്ടു റഷ്യ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്ക്. ശക്തിയുള്ള അഞ്ച് മിസൈലുകളാണ് റഷ്യ തൊടുത്തതെന്നും യുക്രൈന്‍.കൊല്ലപ്പെട്ടവരില്‍ കൊച്ചുകുട്ടിയും ഉള്‍പ്പെടുന്നു. സൈനിക കേന്ദ്രത്തിനു പുറമേ അടുത്തുള്ള കാര്‍ ടയര്‍ വില്‍പ്പന കേന്ദ്രത്തിലും മിസൈല്‍ പതിച്ചു. ഇവിടുത്തെ ജനവാസ കേന്ദ്രത്തില്‍നിന്ന് കറുത്ത പുക തിങ്ങി ഉയരുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍.രണ്ടു മാസമായി യുദ്ധം തുടരുകയാണെങ്കിലും ല്വിവില്‍ ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. യുദ്ധം അതിരൂക്ഷമായ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ അഭയം തേടിയെത്തിയ ഇടങ്ങളിലൊന്നാണിത്. റഷ്യന്‍ മണ്ണിലേക്കു യുക്രൈന്‍ നടത്തിയ ആക്രമണത്തിനും മോസ്‌ക്വ യുദ്ധക്കപ്പല്‍ മുക്കിയതിനും പകരം വീട്ടുമെന്ന് റഷ്യന്‍ െസെനികര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് നൂറുകണക്കിന് യുക്രൈന്‍ ആയുധകേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് റഷ്യന്‍ അവകാശവാദം. ഖാര്‍ക്കീവിലും ഡൊണെസ്‌ക് തുടങ്ങി ഏതാനും കേന്ദ്രങ്ങളിലുമായി 16 െസെനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും റഷ്യന്‍ സൈന്യം ചൂണ്ടിക്കാട്ടുന്നു. 315 െസെനിക കേന്ദ്രങ്ങളില്‍ പീരങ്കിപ്പട തീതുപ്പി. 108 ഇടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നും റഷ്യ അവകാശപ്പെട്ടു. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →