കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: കുന്നംകുളത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു.

തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജംഗ്ഷനിൽ വെച്ച് പുലർച്ചെ 5.30 തിനാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് തമിഴ്നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചത്.

പിന്നീട് പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിന്റെ പിറകിലെ ടയർ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു. ആദ്യം അപടകമുണ്ടാക്കിയ പിക്കപ്പ് വാൻ തൃശൂർ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവണ്ടികളുടെയും ഡ്രൈവർമാർക്കെതിരെ കേസെടുത്തതായി കുന്നംകുളം പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →