ജയ്പൂര്‍: മകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയി; പിതാവ് കാമുകന്റെ വീട്ടിലെത്തി സഹോദരനേയും സുഹൃത്തിനേയും വെട്ടിക്കൊന്ന് രോഷംതീര്ത്തു. രാജസ്ഥാനിലെ ഝുന്‍ഝുനു ജില്ലയിലാണ് സംഭവം. ഹരിയാനയിലെ മഹേന്ദ്രഗര്ഗ് സ്വദേശിയായ അനില്‍ ജാട്ട് എന്നയാളാണ് മകള്‍ പോയ ദേഷ്യത്തില്‍ അക്രമത്തിനു മുതിര്‍ന്നത്. കൃഷ്ണ എന്ന യുവാവാണ് ഇദ്ദേഹത്തിന്റെ മകളുമായി ഒളിച്ചോടിയത്.
മകളെ അന്വേഷിച്ച് കാമുകന്റെ വീട്ടിലെത്തിയ അനില്‍ ജാട്ട് വീടിന്റെ മുകളിലെ നിലയില്‍ ഉറങ്ങുകയായിരുന്ന, പെണ്‍കുട്ടിയുടെ കാമുകന്റെ സഹോദരനെയും അയാളുടെ സുഹൃത്തിനെയും മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. ദീപക് കുമാര്‍(20), നരേഷ് കുമാര്‍(19) എന്നിവരാണ് മരിച്ചത്. ഹരിയാനയില്‍നിന്ന് അനില്‍ ജാട്ട് മോട്ടോര്‍ബൈക്കിലാണ് സ്ഥലത്തെത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിടുകയും ചെയ്തു. കൃഷ്ണയുടെ പിതാവാണ് സംഭവം ആദ്യം കണ്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

