തിരുവനന്തപുരം: നാലു വർഷം മുമ്പ് ആളുമാറി പണമെത്തിയതിനെ തുടർന്ന് എഴുപതുകാരിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ.ഇടുക്കി തൂക്കുപാലം സ്വദേശിയായ കാർത്ത്യായനിയുടെ അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്. എത്രയും പെട്ടെന്ന് മരവിപ്പിച്ച അക്കൗണ്ട് പുസ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ഇ മെയിൽ ലഭിച്ചതോടെ മരവിപ്പിച്ചിരുന്ന അക്കൊണ്ട് പുനസ്ഥാപിച്ചതായി തൂക്കുപാലം എസ്ബിഐ മാനേജർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പിഴവുമൂലം അക്കൗണ്ടിലേക്ക് നാലുവർഷം മുമ്പ് പണമെത്തിയതിനെ തുടർന്ന് അടുത്തിടെ കാർത്ത്യായനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് മാധ്യമങ്ങൾ പുറത്തുകൊണ്ട് വന്നിരുന്നു. പണമെടുക്കാൻ കഴിയാതെ വന്നതോടെ മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമൊന്നും വഴിയില്ലാതെ വിഷമിക്കുകയായിരുന്നു ഇവർ.
ആറ് വർഷമായി ക്യാൻസർ ചികിത്സയിലാണിവർ. രോഗം ബാധിച്ചപ്പോൾ ചികിത്സ സഹായത്തിനായി അപേക്ഷിച്ചതിനെ തുടർന്നാണ് 2018 ൽ രണ്ട് തവണ ഇവരുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ വീതം ആരോഗ്യവകുപ്പിൽ നിന്നുമെത്തിയത്. തൊഴിലുറപ്പ് പണിക്കൂലിയും പെൻഷനുമെല്ലാം എത്തിയിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ട് പുനസ്ഥാപിച്ചതോടെ അടുത്ത ദിവസം തന്നെ പണമെടുത്ത് ആശുപത്രിയിൽ പോകാനുള്ള തീരുമാനത്തിലാണിവർ

