ഭോപാല്‍: മധ്യപ്രദേശില്‍ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരന്‍ അറസ്റ്റില്‍. ഗുണ ജില്ലയില്‍ താമസിക്കുന്ന 15 വയസ്സുകാരനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പരീക്ഷയില്‍ തോറ്റാല്‍ ശാസിക്കുമെന്ന ഭയത്താലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് 15-കാരന്റെ മൊഴി.
ഏപ്രില്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഉറങ്ങുകയായിരുന്ന അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ അയല്‍ക്കാരനാണെന്ന് വരുത്തിതീര്‍ക്കാനും 15-കാരന്‍ ശ്രമിച്ചു.
അയല്‍ക്കാരനും കുട്ടിയുടെ കുടുംബവും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൊലപാതക കേസില്‍ അയല്‍ക്കാരനെ കുടുക്കാന്‍ ശ്രമിച്ചത്. അച്ഛനെ കൊന്നത് അയല്‍ക്കാരനാണെന്നും ഇയാള്‍ വീട്ടില്‍നിന്ന് ഓടിപ്പോകുന്നത് താന്‍ കണ്ടെന്നുമായിരുന്നു പത്താംക്ലാസുകാരന്‍ പോലീസിന് നല്‍കിയ ആദ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അയല്‍ക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ദുരൂഹത നീങ്ങിയില്ല. തുടര്‍ന്ന് ഫൊറന്‍സിക് പരിശോധന ഫലം പുറത്തുവന്നതോടെ പോലീസിന് കൂടുതല്‍ സംശയങ്ങളുണര്‍ന്നു. ഇതോടെ 15കാരനെ വിശദമായി ചോദ്യംചെയ്യുകയും കുട്ടി പോലീസിനോട് എല്ലാം തുറന്നുപറയുകയുമായിരുന്നു.

