ചെത്തോംകര എസ്‌സി സ്‌കൂള്‍ പടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എസ് സി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുതിയ പാലം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നിന്നും ആരംഭിച്ച് എസ്‌സി സ്‌കൂള്‍ പടിയിലൂടെ ചെത്തോങ്കര – അത്തിക്കയം റോഡിനെ ബന്ധിപ്പിക്കുന്ന പാതയില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് വീതികുറഞ്ഞ ബലക്ഷയം സംഭവിച്ച പാലം ആണ് നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന പാലമാണ് ഇത്.
കഷ്ടിച്ച് ഒരു നാലുചക്ര വാഹനത്തിന് കടന്നുപോകാനുള്ള വീതിയെ ഇപ്പോള്‍ പാലത്തിനും അപ്രോച്ച് റോഡിനും ഉള്ളൂ. അപകടാവസ്ഥയിലായ ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിര്‍മിക്കാനാണ് നടപടി. 5.10 മീറ്റര്‍ വീതിയിലും എട്ടു മീറ്റര്‍ നീളത്തിലും നിര്‍മിക്കുന്ന പാലത്തിന് 60 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡിനായി വശം കെട്ടും ഉണ്ട്. മൈനര്‍ ഇറിഗേഷനാണ് നിര്‍മാണ ചുമതല.

