പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ അന്വേഷണം

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ എറണാകുളം ജില്ലാ ഓഫീസറോടും റീജണൽ ഓഫീസറോടും ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ വിശദീകരണം തേടി. സംഭവത്തിൽ ഫയർഫോഴ്സ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. പരിശീലനം നൽകിയ ഉദ്യോഗസ്ഥരോടും ഫയർഫോഴ്സ് മേധാവി വിശദീകരണം ചോദിച്ചിരുന്നു. അതേസമയം, ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. 2022 മാർച്ച് 30 ബുധനാഴ്ച്ച ആലുവയിൽ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് സേനാംഗങ്ങൾ പരിശീലനം നൽകിയത്.

ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവാദമായത്. പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെയാണ് അന്വേഷണം നടത്താൻ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നൽകാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ.

അതേസമയം സംഭവത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകൾ പ്രസി‍‍ഡന്റ് അസോസിയേഷനുകൾ വിവിധ എൻജിഒകൾ എന്നിവക്ക് പരിശീലനം നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നൽകിയതെന്നും രാഷ്ട്രിയ പാർട്ടികളുടെ വേദിയിൽ വെച്ച് പ്രവർത്തകർക്ക് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസിന്റെ കർണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക എം എൽ എ മാർ കർണാടക മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →