വധുവും വരനും കേരള- തമിഴ്‌നാട് സംസ്ഥാനക്കാര്‍, ലോക്ഡൗണ്‍ കാലത്ത് കല്യാണം അതിര്‍ത്തിയില്‍ റോഡില്‍ പായവിരിച്ച്
ഇടുക്കി: വധുവും വരനും കേരള- തമിഴ്‌നാട് സംസ്ഥാനക്കാര്‍, ലോക്ഡൗണ്‍ വേളയില്‍ കല്യാണം അതിര്‍ത്തി റോഡില്‍ പായവിരിച്ച് നടത്തി. അതും കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി അനുസരിച്ച്. മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശികളായ ശേഖര്‍- ശാന്ത ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെ വിവാഹമാണ് പബ്ലിക് റോഡില്‍ പായവിരിച്ച് നടത്തിയത്. കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശികളായ മൂര്‍ത്തി- ഭാഗ്യത്തായി ദമ്പതികളുടെ മകന്‍ റോബിന്‍സണ്‍ ആണ് വരന്‍.
മൂന്നാര്‍ റിക്രിയേഷന്‍ ക്ലബില്‍ മാര്‍ച്ച് 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് മാറ്റിവച്ചു. തുടര്‍ന്ന് ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം വന്നു. വിവാഹം നടത്തുന്നതിന് സമ്പര്‍ക്കവിലക്കില്‍ ഇളവുവന്നതോടെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിപാത വിവാഹവേദിയാക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്. ഇതിന് ആരോഗ്യ, റവന്യൂ, പൊലീസ് വകുപ്പുകള്‍ പച്ചക്കൊടി കാണിക്കുകയും ചെയ്തു.
85 കിലോമീറ്റര്‍ അകലയുള്ള മാട്ടുപ്പെട്ടിയില്‍നിന്ന് രാവിലെതന്നെ വധുവും ബന്ധുക്കളും സംസ്ഥാന അതിര്‍ത്തിയായ ചിന്നാറിലെത്തി. നേരത്തെയെത്തിയ വരനും അടുത്ത ബന്ധുക്കളുമടങ്ങുന്ന 12 അംഗ സംഘം ചിന്നാര്‍ പാലത്തിനക്കരെ തമിഴ്‌നാടിന്റെ ടെറിട്ടറിയില്‍ കാത്തുനിന്നു. വരന് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാനും വധുവിന് കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് പോകാനുള്ളതുമായ പാസുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
താമസിയാതെ പഴനി- ശബരിമല പാതയില്‍ എക്സൈസ് ചെക്ക്‌പോസ്റ്റിന് മുമ്പിലായി പായവിരിച്ച് കതിര്‍മണ്ഡപം ഒരുങ്ങി. വരനും പിതാവും മാത്രം അതിര്‍ത്തികടന്ന് മണ്ഡപത്തില്‍ എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സാനിറ്റൈസര്‍ നല്‍കി. തുടര്‍ന്ന് ആചാരവിധിപ്രകാരം റോബിന്‍സണ്‍ പ്രിയങ്കയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുകയും പരസ്പരം മോതിരം അണിയിക്കുകയും ചെയ്തു. വിവാഹാനന്തരം വരനോടൊപ്പം പ്രിയങ്ക മാത്രമാണ് തമിഴ്നാട് അതിര്‍ത്തികടന്നത്.

