വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം.

ഹാമില്‍ട്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരേ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 317 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 40.3 ഓവറില്‍ 162 റണ്ണിന് ഓള്‍ഔട്ടായി.
മൂന്ന് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും (119 പന്തില്‍ രണ്ട് സിക്സറും 13 ഫോറുമടക്കം 123) ഹര്‍മന്‍പ്രീത് കൗറിന്റെയും (107 പന്തില്‍ രണ്ട് സിക്സറും 10 ഫോറുമടക്കം 109) സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട പോലെയാണ് ഇന്ത്യക്കാരികള്‍ ബാറ്റ് ചെയ്തത്. ടോസ് നേടിയ ഇന്ത്യന്‍ നായിക മിതാലി രാജ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍ യാസ്തിക ഭാട്ടിയ (21 പന്തില്‍ 31), മിതാലി (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നിന് 78 റണ്ണെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ മന്ദാന-കൗര്‍ സഖ്യം രക്ഷപ്പെടുത്തി. അവര്‍ നാലാം വിക്കറ്റില്‍ 184 റണ്ണെടുത്തു.ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണു സ്മൃതി നേടിയത്. കൗറിന്റെ ഏകദിനത്തിലെ നാലാമത്തേതും ലോകകപ്പിലെ രണ്ടാമത്തേതും സെഞ്ചുറിയാണ്. ഓസ്ട്രേലിയയ്ക്കെതിരേ 2017 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് 171 റണ്ണെടുത്തു പുറത്താകാതെനിന്നു. ടീം സ്‌കോര്‍ 262 ല്‍ വച്ചാണ് ഈ ജോഡി വേര്‍പിരിഞ്ഞത്. മന്ദാനയെ ഷാമിലിയ കോണല്‍ സെല്‍മാന്റെ കൈയിലെത്തിച്ചു. പിന്നാലെയെത്തിയ , ദീപ്തി ശര്‍മ (21 പന്തില്‍ 15), പൂജാ വസ്ത്രാകര്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. കൗറിനെ അലിയാഹ് അലെയ്ന്‍ വിക്കറ്റ് കീപ്പര്‍ ഷെമായ്ന്‍ കാംബലിന്റെ കൈയിലെത്തിക്കുമ്പോള്‍ സ്‌കോര്‍ 313 ലെത്തിയിരുന്നു.
ജൂലന്‍ ഗോസ്വാമിയാണ് (രണ്ട്) ഏറ്റവും അവസാനം പുറത്തായത്. വനിതകളുടെ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം 300 നു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. സെഞ്ചുറി നേട്ടത്തോടെ പുതിയൊരു റെക്കോഡിനും ഹര്‍മന്‍പ്രീത് കൗര്‍ അര്‍ഹയായി. വനിതാ ലോകകപ്പില്‍ കൂടുല്‍ സെഞ്ചുറികളടിച്ച ഇന്ത്യന്‍ താരമായി അവര്‍ മാറി. വിന്‍ഡീസ് ഓപ്പണര്‍ ഡിയാന്‍ഡ്ര ഡോട്ടിനൊഴികെ (46 പന്തില്‍ ഒരു സിക്സറും 10 ഫോറുമടക്കം 62) മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 36 പന്തില്‍ ആറ് ഫോറുകളടക്കം 43 റണ്ണെടുത്ത സഹ ഓപ്പണര്‍ ഹെയ്ലെ മാത്യൂസാണ് മറ്റൊരു സ്‌കോറര്‍. ശേഷിച്ചവര്‍ 20 പോലും തികച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →