ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാനിരിക്കേ, ഇടക്കാലാധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയും രാജിസന്നദ്ധതയറിയിച്ചെന്നു സൂചന. എന്നാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇക്കാര്യം നിഷേധിച്ചു. ഹൈക്കമാന്‍ഡിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും സ്ഥാനത്യാഗത്തിനു സന്നദ്ധതയറിയിച്ചത്. തിരുത്തല്‍വാദികളായ ജി-23 നേതാക്കളും ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് നേതൃത്വത്തിനെതിരേ വിമര്‍ശനം ശക്തമാക്കിയിരുന്നു. 54 അംഗ പ്രവര്‍ത്തകസമിതിയില്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകള്‍ വാസ്നിക് എന്നിവര്‍ മാത്രമാണു ജി-23-യില്‍നിന്നുള്ള നേതാക്കള്‍. നെഹ്റു കുടുംബത്തിന്റെ സ്തുതിപാഠകര്‍ക്കു ഭൂരിപക്ഷമുള്ള പ്രവര്‍ത്തകസമിതി സോണിയയുടെയും പ്രിയങ്കയുടെയും രാജിസന്നദ്ധത തള്ളാനാണു സാധ്യത.2014-ലെ പൊതുതെരഞ്ഞെടുപ്പ് പരാജയത്തേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോഴാണു സോണിയ വീണ്ടും പദവിയേറ്റത്. പിന്നീട് ഇതുവരെ മുഴുവന്‍സമയ പ്രസിഡന്റില്ലാതെയാണു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്. മൂന്നരവര്‍ഷത്തിനിടെ നടന്ന ഒരു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒറ്റയ്ക്കു വിജയിക്കാന്‍ സാധിച്ചില്ല. രാജസ്ഥാനിലും ഛത്തിസ്ഗഡിലും മാത്രമാണു നിലവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. അവിടങ്ങളിലും ചേരിപ്പോര് രൂക്ഷമാണ്. ദേശീയതലത്തില്‍ പ്രതിപക്ഷനേതൃസ്ഥാനവും കോണ്‍ഗ്രസിനു നഷ്ടമായി.
പ്രവര്‍ത്തകസമിതി യോഗം ഉടന്‍: രാജിക്കു തയ്യാറായി സോണിയയും പ്രിയങ്കയും
