ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മുറിഞ്ഞപാലത്ത്‌ സ്ഥിതിചെയ്യുന്ന കോസ്‌മോ പോളിറ്റന്‍ ഹോസ്‌പ്പിറ്റലിന്‌ മുന്നിലുളള ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ആശുപത്രി മാലിന്യങ്ങള്‍ തോട്ടിലേക്ക്‌ ഒഴുക്കിയതാണ്‌ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്നും ഒഴുക്കി വിട്ട വിഷാംശംമാണ്‌ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നും ആശുപത്രിക്ക്‌ പുറകുവശം പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ അവസാനിക്കുന്ന ഭാഗത്ത്‌ റോഡിനടിയിലൂടെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക്‌ ജലം ഒഴുക്കാന്‍ ഡ്രെയിനേജ്‌ സംവിധാനമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിന്‌ സമീപം തന്നെയാണ്‌ വാട്ടര്‍ അതോരിറ്റിയുടെ സ്വീവേജ്‌ പമ്പും സ്ഥിതി ചെയ്യുന്നത്‌.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ പോലീസെത്തി പരിശോധന നടത്തി. രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെയുളള മാലിന്യം ഒഴുക്കി വിടുന്നതുമൂലം പുഴയിലെ മീനുകളുടെ തലയില്‍ ദുര്‍ഗന്ധമുളള വ്രണം രൂപപ്പെടുന്നതായും സമീപവാസികള്‍ പറയുന്നു. മീനുകള്‍ ചത്തുപൊങ്ങി ദുര്‍ഗന്ധം രൂക്ഷമായതോടെ പരിസരവാസികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌. പകര്‍ച്ച വ്യാധി പടരാനുളള സാധ്യതയും ഉണ്ട്‌.

എന്നാല്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു പറയുന്നത്‌ തോട്ടില്‍ മീന്‍ പിടിക്കാന്‍ വന്ന ആരോ വിഷം കലക്കിയതാണെന്നും ഇടക്കിടെ ഇതുണ്ടാവാറുണ്ടെന്നും ആണ്‌. ആശുപത്രിയിലെ മാലിന്യം ഒഴുക്കിയതാണ്‌ കാരണമെന്നത്‌ വിമര്‍ശകര്‍ വെറുതേ പറയന്നതാണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →