കൊച്ചി : മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാർ മർദ്ദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിനു സമീപത്ത് വച്ച് മർദ്ദനമേറ്റത്. കാറിന്റെ ചില്ലും നാട്ടുകാർ അടിച്ചു തകർത്തു.
നോറയുടെ സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്കാണ് കൊച്ചി കറുകുറ്റി പള്ളിയിൽ നടന്നത്. ഇതിനു ശേഷം രാത്രി ഏഴരയോടെയാണ് സജീവ് ഡിക്സിയുടെ വീട്ടിലേയ്ക്കെത്തിയത്.
അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞ് നിർത്തുകയായിരുന്നു. സജീവും, നാട്ടുകാരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും സജീവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ചിലർ ചേർന്ന് സജീവിനെ കാറിൽ കയറ്റി ഇരുത്തിയെങ്കിലും വീണ്ടും വാക്കേറ്റമുണ്ടായി. ഒടുവിൽ സജീവിനെ നാട്ടുകാർ മർദ്ദിക്കുകയും, കാറിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.

