സ്ത്രീ വിമോചനത്തെ കുറിച്ച് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി’- ഫാത്തിമ തെഹ്‌ലിയ

മലപ്പുറം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി ഫാത്തിമതെഹ്‌ലിയ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയയുടെ പരിഹാസം. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഇതുവഴി എന്നാണ് തെഹ്‌ലിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്

സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഒരു വനിത മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് തെഹ്ലിയുടെ വിമർശനം. ‘സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി’- ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ പി കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരാണ്‌ സെക്രട്ടറിയേറ്റംഗങ്ങൾ. അതേ സമയം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 13 വനിതാ പ്രതിനിധികളുണ്ട്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ തമാശരൂപേണയുള്ള പ്രസ്താവന വിവാദത്തിലായിരുന്നു. പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദത്തിലായത്. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമോ എന്ന് ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് കോടിയേരി മറുപടി നൽകി.

എന്നാൽ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങൾ പാർട്ടിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിർദേശം നൽകാൻ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവർത്തകനോട് ചോദിച്ചു. കമ്മിറ്റികളിൽ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തു. കോടിയേരിയുടെ പ്രസ്താവന പല രീതീയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പാർട്ടി കമ്മിറ്റികളിൽ 50 ശതമാനം വന്നാൽ പാർട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചതെന്ന് ആരോപണമുയർന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →