കണ്ണൂർ: വേനൽ ചൂടിനെ അതിജീവിക്കാൻ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി ഗ്രാമ പഞ്ചായത്ത്. 8000ത്തോളം വീടുകളിൽ പൈപ്പ് ലൈൻ വഴിയാണ് വെള്ളമെത്തിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പഞ്ചായത്തിൽ അനുഭവപ്പെടാറ്. ഇതിനെ അതിജീവിക്കാൻ ജലജീവൻ മിഷനുമയി ചേർന്നു 50 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജലസംഭരണികൾ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കിരാത്തിൽ 20 സെന്റും മാവിലമ്പാറയിൽ 5 സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കുക. തുടർന്ന് ജലസംഭരണികളുടെ നിർമാണം, വീടുകളിലേക്കുള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, പൈപ്പ് സ്ഥാപിച്ചാലുള്ള റോഡിലെ അറ്റകുറ്റപണി എന്നീ പ്രവൃത്തികൾ നടക്കും. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ കൂനത്തുള്ള കൂറ്റൻ ജലസംഭരണിയിൽ നിന്നാണ് പഞ്ചായത്തിലെ സംഭരണികളിലേക്ക് വെള്ളമെത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളുടെ ഏറെക്കാലത്തെ പ്രശ്‌നത്തിന് പരിഹാരമാകും.
കണ്ണൂർ: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി ഗ്രാമ പഞ്ചായത്ത്
