ഹിജാബ് വിവാദം: കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഉഡുപ്പി: ഹിജാബ് വിവാദത്തിൽ സ്വകാര്യ കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കോലാർ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീർ (32) ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇയാൾ പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നപ്പോൾ ഉഡുപ്പിയിൽ 93 ശതമാനം കുട്ടികൾ ഹാജരായെന്ന് അധികൃതർ പറഞ്ഞു. ശിവമോഗയിൽ ഹിജാബ് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് സെക്കൻഡ് പിയു വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതാതെ മടങ്ങി. പത്തോളം വിദ്യാർത്ഥിനികളാണ് തിങ്കളാഴ്ച ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടന്ന പ്രായോഗിക പരീക്ഷയിൽ നിരവധി മുസ്ലീം പെൺകുട്ടികൾ പരീക്ഷയെഴുതി. ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാർത്ഥിനികളും സർവോദയ പിയു കോളജിലെ മൂന്ന് വിദ്യാർത്ഥിനികളും സാഗർ കോളേജിലെ രണ്ടും ശിരാളക്കൊപ്പയിൽ മൂന്നും പെൺകുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

മറ്റ് കോളേജുകളിൽ പരീക്ഷക്കെത്തിയ മുസ്ലീം പെൺകുട്ടികളും ഹിജാബ് അഴിച്ച് പരീക്ഷ എഴുതി. യൂണിഫോം മാർഗിർദ്ദേശങ്ങൾ പാലിച്ച് നിരവധി പെൺകുട്ടികൾ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്‌സിറ്റി എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ നാഗരാജ് വി. കഗാൽക്കർ ദേശീയ മാധ്യമമായ ദി ഹിന്ദുവിനോട് പറഞ്ഞു. ഷഹീൻ പിയു കോളേജിലെ 11 പെൺകുട്ടികളും ഹിജാബ് അഴിച്ചുമാറ്റി പരീക്ഷ എഴുതി. പരീക്ഷയെഴുതണമെങ്കിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന നിർദേശം അവർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കുറച്ച് പെൺകുട്ടികൾ ഹിജാബ് അഴിക്കാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. 16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാൻ തയ്യാറാകാതെ പല പെൺകുട്ടികളും കോളേജുകളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ ഹിജാബ് അഴിക്കണമെന്ന നിർദേശം അംഗീകരിച്ചില്ല. ഹിജാബ് കേസിൽ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമെന്നും വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →