ആലപ്പുഴ: നിർധനയായ സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്. തണ്ണീർമുക്കം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എഎൻഎസ്എസ് യൂണിറ്റാണ് സഹപാഠിക്കായി സുരക്ഷിതമായ വീടൊരുക്കിയത്. എൻഎസ്എസ് വാളണ്ടിയർമാർ സമാഹരിച്ച 9.5 ലക്ഷം രൂപ ഇതിലേക്ക് വിനയോഗിച്ചു. സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിനിയുടെ പഠനകാലത്ത് അച്ഛൻ മരിച്ചു. അമ്മയും രണ്ട് സഹോദരിമാരുമാണ് ഉണ്ടായിരുന്നത്. ഏത് നിമിഷവും നിലം പതിക്കാമെന്ന നിലയിലുളള വീടായിരുന്നു.
എൻ എസ് എസ് വാളണ്ടിയറായ വിദ്യാർത്ഥിയാണ് സഹപാഠിയുടെ സുരക്ഷിതമല്ലാത്ത വീടിനെ കുറിച്ച് സ്‌കൂളിന്റെ വാട്‌സ് അപ് ഗ്രൂപ്പിൽ വോയിസ് സന്ദേശമായി ഇട്ടത്. തുടർന്ന് നടന്ന ചർച്ചയിൽ എൻ എസ് എസ് യൂണിറ്റ് ഭവന നിർമ്മാണം ഏറ്റെടുത്തത്. മന്ത്രി പി പ്രസാദ് വീടിന്റെ താക്കോൽ കൈമാറി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
എൻ എസ് എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ എൻ എസ് എസ് വോളണ്ടിയർമാരെ ആദരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്‌ന സാബു,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമതി അദ്ധ്യക്ഷ പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി എസ് ഷാജി, വി ഉത്തമൻ, പ്രിൻസിപ്പാൾ പി ജയലാൽ, പ്രധാന അദ്ധ്യാപിക എസ് സുമാദേവി, പി ടി.എ പ്രസിഡന്‍റ് സി വി വിനു,വൈസ് പ്രസിഡന്റ് കെ.ഉല്ലാസൻ, അശോക് കുമാർ,രാമകൃഷ്ണൻ, പി സുദർശനൻ,എൻ.സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു