രഞ്ജി ട്രോഫിയില്‍ കേരളത്തിന് ജയം

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്ക്കെതിരേ കേരളത്തിന് ഇന്നിങ്സ് ജയം. എ ഗ്രൂപ്പ് മത്സരത്തില്‍ ഒരു ഇന്നിങ്സിനും 166 റണ്ണിനുമാണു കേരളം ജയിച്ചത്. സ്‌കോര്‍: മേഘാലയ ഒന്നാം ഇന്നിങ്സ് 148, രണ്ടാം ഇന്നിങ്സ് 191. കേരളം ഒന്നാം ഇന്നിങ്സ് ഒന്‍പതിന് 505 ഡിയേഡ്. രണ്ടാം ഇന്നിങ്സില്‍ മേഘാലയയെ നാല് വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയും ചേര്‍ന്നാണു തകര്‍ത്തത്.454/8 എന്ന നിലയില്‍ ഇന്നലെ കളി തുടങ്ങിയ കേരളത്തിന് വേണ്ടി വത്സല്‍ ഗോവിന്ദ് (193 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം പുറത്താകാതെ 106) സെഞ്ചുറി നേടി. പത്താമനായി ബാറ്റിംഗിനിറങ്ങിയ ശ്രീശാന്തുമായി (43 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 19) 51 റണ്‍ കൂട്ടുകെട്ട് നേടാനും വത്സല്‍ ഗോവിന്ദിനായി. ശ്രീശാന്ത് പുറത്തായതോടെ നായകന്‍ സച്ചിന്‍ ബേബി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.മേഘാലയ ഒന്നാം ഇന്നിങ്സില്‍ 148 റണ്ണിനു പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിനിറങ്ങിയ മേഘാലയ വൈകാതെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ആദ്യ ഓവറില്‍ കിഷന്‍ ലിങ്തോടെ മനുകൃഷ്ണന്‍ പുറത്താക്കി. വലാം കിന്‍ഷി (ഒന്‍പത്), നായകനും വിക്കറ്റ് കീപ്പറുമായ പുനീത് ബിഷ്ത് (0), ദ്വാരകാ രവി തേജ (രണ്ട്) എന്നിവരും വൈകാതെ മടങ്ങി. ചിരാഗ് ഖുരാന (70 പന്തില്‍ 75), ദിപു സാങ്മ (123 പന്തില്‍ പുറത്താകാതെ 55) എന്നിവരാണു സ്‌കോര്‍ 100 കടത്തിയത്. ലാറി സാങ്മ (19), ആര്യന്‍ ബോറ (11) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. അരങ്ങേറ്റ താരം ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സില്‍ നാലു പേരെ പുറത്താക്കിയ ഏദന്‍ ആകെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. രാജ്കോട്ടില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണു കേരളം കാഴ്ചവച്ചത്. എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ശേഷം ബാറ്റ് ചെയ്ത കേരളം വമ്പന്‍ സ്‌കോറിലെത്തിയത് ബാറ്റര്‍മാരുടെ ഉജ്വല പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. ഓപ്പണര്‍മാരായ പി. രാഹുല്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവരും മധ്യനിര ബാറ്റര്‍ വത്സല്‍ ഗോവിന്ദും സെഞ്ചുറികള്‍ നേടി. നായകന്‍ സച്ചിന്‍ ബേബി (113 പന്തില്‍ 56) അര്‍ധ സെഞ്ചുറിയുമായും തിളങ്ങി. കന്നി മത്സരത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ഏദന്‍ ആപ്പിള്‍ ടോം മത്സരത്തിലെ താരമായി. വെറ്ററന്‍ താരം ശ്രീശാന്തും തിരിച്ചുവരവ് മികച്ചതാക്കി. ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റെടുക്കാന്‍ ശ്രീശാന്തിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →