ഉക്രൈനില്‍ യുദ്ധഭീതി ഒഴിയുന്നു? സെനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ

ക്രിമിയ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ. ക്രിമിയയില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങുന്ന ദൃശ്യങ്ങളാണ് റഷ്യന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടത്.

അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ചുവെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്നായിരുന്നു ഉക്രൈന്റെ നിലപാട്. തങ്ങളുടെ നിരീക്ഷണങ്ങളും സാറ്റ്‌ലൈറ്റ് തെളിവുകളും റഷ്യ പിന്മാറിയതിന് സൂചനകളൊന്നും നല്‍കുന്നില്ലെന്നും ഉക്രൈന്‍ അറിയിച്ചിരുന്നു.

കാണുന്നത് മാത്രം വിശ്വസിക്കുക എന്നായിരുന്നു ഉക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് റഷ്യയുടെ പിന്‍മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് റഷ്യ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.

എന്നാല്‍ റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്ക പറയുന്നത്. റഷ്യ ഉക്രൈനെ ആക്രമിച്ചാല്‍ ശക്തമായി തിരച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി ആക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനികരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്.

അതേസമയം, അതിര്‍ത്തിയിലെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന സൂചന നിലവിലില്ല. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിച്ച്, ഉക്രൈനുള്ളില്‍ നിന്ന് തന്നെ ആക്രമണത്തിനുള്ള സാധ്യതയാണ് റഷ്യ തേടുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →