എറണാകുളം: കളക്ടറേറ്റ് ഉള്‍പ്പെടുന്ന ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ വാക്ക് ത്രൂ ടെംപറേച്ചര്‍ സ്കാനര്‍ പ്രവര്‍ത്തന സജ്ജമായി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ മാതൃകയില്‍ മനുഷ്യ ഇടപെടല്‍ ആവശ്യമില്ലാത്ത സ്കാനര്‍ സ്ഥാപിച്ചത്.
ഇത്തരത്തില്‍ വാക് ത്രൂ ടെംപറേച്ചര്‍ സ്കാനര്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സിവില്‍ സ്റ്റേഷനും എറണാകുളമാണ്. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം കാമിയോ ഓട്ടോമേഷന്‍സാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചത്. ജില്ലയിലെ മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഇത്തരം സ്കാനറുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റില്‍ ഇതുവരെ ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചാണ് ജീവനക്കാരുടെയും സന്ദര്‍ശകരുടെയും താപനില വിലയിരുത്തിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ മാസ്ക് ധരിച്ച് ഓരോരുത്തരുടെയും താപനില പരിശോധിച്ച് കടത്തിവിടുകയായിരുന്നു. പുതിയ സംവിധാനത്തില്‍ കടന്നു പോകുന്നവരുടെ മുഖം സ്കാന്‍ ചെയ്യപ്പെടുകയും അസാധാരണമായ താപനിലയുണ്ടെങ്കില്‍ തത്സമയം സ്ക്രീനില്‍ വ്യക്തമാകുകയും അലാറം മുഴങ്ങുകയും ചെയ്യും.
ജില്ലാ കളക്ടര്‍ എസ്. സുഹാസ് സ്കാനിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. കോവിഡ് അവലോകനയോഗത്തിനെത്തിയ മന്ത്രി വി.എസ്.സുനില്‍കുമാറും സ്കാനറിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4861/-Walk-Through-Temperature-Scanner.html

