മുംബൈ: 2020-21 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ താനെടുത്ത നിര്‍ണായക തീരുമാനങ്ങളുടെ ബലത്തില്‍ പരമ്പര നേടിയതോടെ വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. അഡലെയ്ഡില്‍ 36 റണ്ണിന് ഓള്‍ഔട്ടായ നാണക്കേടു തിരുത്തി പരമ്പര സ്വന്തമാക്കുന്നതില്‍ താല്‍ക്കാലിക ക്യാപ്റ്റനായ താന്‍ കൈക്കൊണ്ട തീരുമാനങ്ങളാണെന്നു പറയാതെ പറയുകയായിരുന്നു രഹാനെ. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന പരിപാടിയിലായിരുന്നു രഹാനെയുടെ മനസുതുറക്കല്‍.
വിരാട് കോഹ്ലി ഇന്ത്യയിലേക്കു തിരികെപ്പറന്നതിനുശേഷം പരമ്പര വിജയം മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നു രഹാനെ പറഞ്ഞു. ഓസീസ് പര്യടനവേളയില്‍ മൈതാനത്തും ഡ്രസിങ് റൂമിലും എന്താണു ചെയ്തതെന്ന് എനിക്കു വ്യക്തമായി അറിയാം. അക്കാര്യങ്ങള്‍ പുറത്തു കൊട്ടിഘോഷിക്കുന്നത് എന്റെ രീതിയല്ല. പരമ്പര വിജയത്തിനുപിന്നാലെ ക്രെഡിറ്റ് കൈക്കലാക്കാന്‍ ചിലര്‍ മത്സരിക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കു മുന്നില്‍ വീരന് ചമയാന്‍ താല്പര്യപ്പെടുന്നവരെ അവരുടെ വഴിക്കു വിടുകയെന്നതാണ് എന്റെ ശൈലി. എനിക്ക് അന്നു പ്രധാനം ഏതുവിധേനെയും പരമ്പര ജയിക്കുകയെന്നതു മാത്രമായിരുന്നു. ആ പരമ്പര എന്നെ സംബന്ധിച്ച് ചരിത്ര പരമ്പരയായിരുന്നു- രഹാനെ പറഞ്ഞു.പരമ്പരവിജയത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ വെമ്പിയത് ആരാണെന്നു വ്യക്തമാക്കാന്‍ രഹാനെ തയാറായില്ല. എന്നാല്‍ അന്ന് ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിയെയാണ് ഉന്നംവച്ചതെന്നു വ്യക്തമാക്കി അഭിമുഖത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരെത്തി. ചരിത്രം കുറിച്ച പരമ്പരയ്ക്കുശേഷം ഇന്ത്യന്‍ ടീമിന്റെ മുഖവും ശബ്ദവുമായി രംഗത്തെത്തിയത് ശാസ്ത്രിയായിരുന്നെന്ന് ഓര്‍മിപ്പിച്ചാണ് കമന്റുകളധികവും.

