ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ പാകിസ്താനിലെ ട്വിറ്റര്‍ പേജില്‍ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളുമായി ഇന്ത്യ. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യയിലുള്ള ദക്ഷിണ കൊറിയന്‍ അംബസാഡര്‍ ചാങ് ജെയ്-ബോകിനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു ഹ്യുണ്ടായ് പാകസ്താന് ട്വിറ്റര്‍ പേജില്‍ വിവാദ പോസ്റ്റ് പ്രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം ദക്ഷിണകൊറിയന്‍ പ്രതിനിധിയെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വിഷയത്തിലുള്ള പ്രതിഷേധം ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളെയും ഹ്യുണ്ടായ് ആസ്ഥാനത്തെയും സോളിലെ ഇന്ത്യന്‍ അംബാസിഡറും ധരിപ്പിച്ചു.
പാകിസ്താന് ഐക്യദാര്‍ഢ്യ ദിനത്തിലാണ് ഹ്യുണ്ടായുടെ പാകിസ്താനിലെ ഡീലര്‍ വിവാദ ട്വീറ്റ് പങ്കുവെച്ചത്: ”കശ്മീരി സഹോദരന്മാരുടെ ത്യാഗങ്ങള്‍ ഓര്‍മ്മിക്കാം. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി നില്ക്കാം” – ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം.ഇതിനൊപ്പം ദാല്‍ തടാകത്തിലെ ബോട്ടിന്റെ ചിത്രവും കശ്മീര്‍ എന്ന പദത്തിനുള്ളിലൂടെ ഒരു മുള്ളുവേലി തുളച്ചുകയറിപ്പോകുന്ന ചിത്രവും പങ്കുവെച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി ചുങ് ഇയു യോങ് വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

