നേട്ടം കൈവിട്ട് വിപണി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, ഓട്ടോ ഓഹരികള്‍അവസാന മണിക്കൂറില്‍ നേട്ടമുണ്ടാക്കിയത് കനത്ത നഷ്ടത്തില്‍നിന്ന് വിപണിയെ കൈപിടിച്ച് കയറ്റി.സെന്‍സെക്സ് 581.21 പോയിന്റ് ഇടിഞ്ഞ് 57276.94 ലും നിഫ്റ്റി 167.80 പോയിന്റ് നഷ്ടത്തോടെ 17110.20 ലും ഇന്നലെ വ്യാപരമവസാനിപ്പിച്ചു. ആഗോള വിപണികളിലെ നഷ്ടങ്ങളാണ് രാജ്യത്തെ സൂചികകളെയും പിടിച്ചുലച്ചത്. പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനകള്‍ വിപണിയില്‍ പ്രതിഫലിച്ചു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ ഈവര്‍ഷം ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് യു.എസ്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചിപ്പിച്ചതാണ് സൂചികകളെ ബാധിച്ചത്.1447 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1832 ഓഹരികളുടെ വിലിയിടിഞ്ഞു. 90 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച്.സി.എല്‍. ടെക്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്, ടി.സി.എസ്. തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ആക്സിസ് ബാങ്ക്, എസ്.ബി.ഐ, മാരുതി സുസുകി, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

1000 പോയന്റിലേറെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ മിക്കവാറും സൂചികകള്‍ നഷ്ടത്തിലായിരുന്നു. പിന്നീട് പൊതുമേഖലാ ബാങ്ക് സൂചിക അഞ്ചുശതമാനം ഉയര്‍ന്നു. ഓട്ടോ, ബാങ്ക് സൂചികകളും 0.3-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, റിയാല്‍റ്റി, ഫാര്‍മ, ഐടി സൂചികകള്‍ 1-3 ശതമാനം താഴ്ന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.8-1.2 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിങ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് 9.96 ശതമാനം നേട്ടംകൊയ്തു. ഇന്‍ഡിട്രേഡ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ്, അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എഫ്.എ.സി.ടി. തുടങ്ങിയ 16 ഓഹരികളാണ് നേട്ടത്തിന്റെ പട്ടികയില്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →