തിരുവനന്തപുരം: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും (ബി വിഭാഗം), മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ് (എ വിഭാഗം). മറ്റ് ജില്ലകളില്‍ നേരത്തേ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, കണ്ണൂര്‍ ജില്ലയാണ് പുതുതായി ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റില്‍ ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊവിഡ് വാര് റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്ബോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കൊവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.
ആശുപത്രികളില്‍ ചികിത്സയ്ക്ക് മുന്‍പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
സി കാറ്റഗറി നിയന്ത്രണം: അറിയേണ്ടത്
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളാകുമ്ബോഴാണ് ഒരു ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ഈ ജില്ലയില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-മത-സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെ ഒരു ഒത്തുചേരലുകളും പാടില്ല.
മറ്റ് നിയന്ത്രണങ്ങള്‍
മതപരമായ പ്രാര്‍ത്ഥനകളും ആരാധനകളും ഓണ്‍ലൈനായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
സിനിമാ തിയേറ്റര്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
എല്ലാ ക്ലാസുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ) രണ്ടാഴ്ച ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. അതേസമയം 10, 12, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. ഈ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജര്‍ നില ശരാശരി 40 ശതമാനത്തില്‍ താഴെ എത്തുകയും ചെയ്താല്‍ സ്ഥാപനമേധാവികള്‍ ക്ലാസുകള്‍ 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടരണം.
റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ബയോ ബബിള്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയില്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ബി- കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

