കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി

കണ്ണൂർ: കെ എസ് ടി പി പദ്ധതിയിലുൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായി. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.  94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചിലവാക്കിയാണ് നിർമ്മിച്ചത്.

എരഞ്ഞോളി പാലം ഒഴികെയുള്ള റോഡ് നിർമാണം കഴിഞ്ഞ വർഷം ജനുവരി 31 ഓടെ പൂർത്തീകരിച്ചു. 2016 ൽ നിർമാണ ഘട്ടത്തിൽ, എരഞ്ഞോളി പാലത്തിന് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് ലംബമായ ഉയരം വർധിപ്പിക്കാൻ നിർദേശിച്ചു. ഇൻലാൻഡ് നാവിഗേഷന്റെ മാനദണ്ഡങ്ങൾ സ്ഥിരീകരിക്കുന്ന അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഉൾപ്പെടുത്തുന്നതിനായി രൂപരേഖയും അധിക ഭൂമി ഏറ്റെടുക്കലും പരിഷ്‌കരിച്ചു. ഭൂമി ഏറ്റെടുക്കൽ 2021 ജനുവരിയിൽ പൂർത്തിയായി.
നടപ്പാത, ആവശ്യമായ റോഡ് മാർക്കിങ്, റോഡ് സ്റ്റഡ്‌സ്, സൈൻബോർഡുകൾ, സോളാർ തെരുവ് വിളക്ക് മുതലായവ ഉണ്ടാകും. ഇതോടൊപ്പം പാലത്തിന്റെ രണ്ടു വശത്തായി 12 മീറ്റർ നീളവും, 12 മീറ്റർ വീതിയും ഉള്ള ഓരോ വെഹിക്കിൾ അണ്ടർ പാസ് നിർമിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോൺ പ്രൊട്ടക്ഷൻ വാളോടു കൂടിയ അപ്രോച്ച് റോഡ് 570 മീറ്റർ നീളത്തിൽ നിർമിച്ചിട്ടുണ്ട്. മറ്റ് അപ്രോച്ച് റോഡുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പാലത്തിനു സമാന്തരമായി സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്.

കെഎസ്ടിപി പദ്ധതിയിൽ നവീകരിക്കുന്ന വളവുപാറ റോഡിന്റെ ഭാഗമായാണ് ജീർണാവസ്ഥയിലുള്ള പഴയ എരഞ്ഞോളി പാലത്തിന് പകരം പുതിയത് നിർമ്മിച്ചത്. പാലം പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതിയെ തുടർന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എ.എൻ ഷംസീർ എം.എൽ.എക്കൊപ്പം 2021 ഒക്ടോബറിൽ സ്ഥലം സന്ദർശിച്ചിരുന്നു. പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകുകയുണ്ടായി. അഹമ്മദാബാദിലെ ദിനേഷ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് ആണ് കരാറുകാർ. എഗിസ് ഇന്ത്യ കൺസൾട്ടിംഗ് എൻജിനിയേഴ്‌സ് ഇന്ത്യ വ്രൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മേൽനോട്ട ചുമതല നിർവ്വഹിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →