സുരക്ഷാ വീഴ്ച: ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ എന്‍.ഐ.എ. സഹായിക്കും

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ച സംബന്ധിച്ച രേഖകള്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികളില്‍നിന്നു പിടിച്ചെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) സഹായിക്കും. സുരക്ഷാവീഴ്ച സംബന്ധിച്ച ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കേ, ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ സുപ്രീം കോടതി െഹെക്കോടതിയെ ചുമതലപ്പെടുത്തിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതുവരെ ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ സുപ്രീം കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു.ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ സഹായിക്കാന്‍ ഐ.ജി. സന്തോഷ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണു രൂപീകരിച്ചത്. രസ്തോഗിയെക്കൂടാതെ, മൂന്ന് ഡി.ഐ.ജിമാരും മൂന്ന് എസ്.പിമാരുമാണു സംഘത്തിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് എന്‍.ഐ.ഐ. ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെടുവിച്ചു. എന്നാല്‍, ഇതൊരു അന്വേഷണസംഘമല്ലെന്നും എന്‍.ഐ.എ. വ്യക്തമാക്കി.
സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച സമിതി പഞ്ചാബ് ഡി.ജി.പി. സിദ്ധാര്‍ത്ഥ് ചതോപാധ്യായ, എ.ഡി.ജി.പി, പട്യാല ഐ.ജി, ഫിറോസ്പുര്‍ ഡി.ഐ.ജി. തുടങ്ങിയ ഉന്നതോദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണു ഹൈക്കോടതിയെ സഹായിക്കാന്‍ എന്‍.ഐ.എ. സംഘത്തെ നിയോഗിച്ചത്. വീഴ്ചയ്ക്ക് ഉത്തരവാദികളായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) നിയമപ്രകാരം നടപടിയെടുക്കാനാണു കേന്ദ്രനീക്കം. പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്.പി.ജിക്ക് എല്ലാ സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം അതതു സംസ്ഥാന പോലീസിനാണെന്നു നിയമത്തിന്റെ 14-ാം വകുപ്പ് അനുശാസിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →