കണ്ണൂർ: മേളയ്ക്ക് മാറ്റ് കൂട്ടി ‘എന്റെ കേരളം എന്റെ അഭിമാനം’

കണ്ണൂർ: വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിൽ എത്തുന്നവരെ സ്വീകരിക്കുന്നത് മുഖം മിനുക്കിയ നമ്മുടെ ജില്ലയുടെ ആഹ്ളാദ ചിത്രങ്ങളാണ്. സർക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് ‘എന്റെ കേരളം എന്റെ അഭിമാനം’ എക്സിബിഷൻ ഒരുക്കിയത്. കേരളത്തിന്റെ മുഖഛായ മാറ്റിയ ലൈഫ്, ഹൈടെക് വിദ്യാലയങ്ങൾ, കുടുംബരോഗ്യ കേന്ദ്രങ്ങൾ, വാതിൽപ്പടി സേവനം, പുനർഗേഹം തുടങ്ങിയ പദ്ധതികളെക്കുറിച്ച് ചിത്രങ്ങളോടു കൂടിയ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.  കൂടാതെ ജില്ലയുടെ അഭിമാന പദ്ധതികളായ അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം, തലശ്ശേരി-മാഹി ബൈപാസ്, തലായി ഹാർബർ, അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, തലശ്ശേരി ഹെറിറ്റേജ് ടൂറിസം, വനിതാ ഫുട്‌ബോൾ അക്കാദമി തുടങ്ങിയവയുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷ- ക്ഷേമവുമായി ബന്ധപ്പെട്ട അപരാജിത, കനൽ, വിധവാ സഹായ കേന്ദ്രം, പിങ്ക് പൊലീസ് എന്നിവയുടെ വിവരങ്ങളാണ് എക്‌സിബിഷനിൽ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു മേഖല.

പൊതുജനങ്ങൾ അറിയേണ്ട വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള പോസ്റ്ററുകളും പ്രദർശനത്തിലുണ്ട്. ചികിത്സാ ആനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം, വിള നാശത്തിനുള്ള ദുരിതാശ്വാസ പദ്ധതി, വിള ഇൻഷുറൻസ് പോളിസി തുടങ്ങിയവക്ക് എങ്ങനെ അപേക്ഷ നൽകാം, മുഖ്യമന്ത്രിക്ക് നേരിട്ടുള്ള പരാതികളും, സഹായത്തിനുള്ള അപേക്ഷകളും എങ്ങനെ സമർപ്പിക്കാം എന്നീ വിവരങ്ങളും ലഭ്യമാണ്. 60ഓളം പോസ്റ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് എക്‌സിബിഷനെന്ന് സന്ദർശകർ പറയുന്നു. ജനുവരി നാലിന് അവസാനിക്കുന്ന മേളയിൽ രാജ്യാന്തര ചലച്ചിത്രോത്സവം, അമ്യൂസ്‌മെന്റ് പാർക്ക്, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കൾ, പുസ്തകം, ബാഗുകൾ, തുണിത്തരങ്ങൾ, അലങ്കാര വസ്തുക്കൾ മറ്റ് വീട്ടുപകരണങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ബദൽ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധങ്ങളായ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി എട്ട് മണി വരെയാണ് ഫെസ്റ്റ് നടക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →