പാര്‍ട്ടിക്ക് വിധേയരല്ലാത്തവര്‍ പാര്‍ട്ടിക്ക് പുറത്ത്; കെറെയിലില്‍ ശശി തരൂരിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കെറെയില്‍ പദ്ധതിയെക്കുറിച്ചുളള ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂരല്ല കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് വിധേയരല്ലാത്തവര്‍ പാര്‍ട്ടിക്ക് പുറത്താണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും കെ സുധാകരനും ശശി തരൂരിനും ഒരു പോലെയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ടാകും എന്നാല്‍ അവസാന വാക്ക് പാര്‍ട്ടിയുടേതാണ്. എല്ലാവരും ഒടുവില്‍ പാര്‍ട്ടി നയത്തിന് ഒപ്പമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെറെയില്‍ പദ്ധതിയെക്കുറിച്ചുളള എംപിയുടെ നിലപാടിന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തരൂരിന്റെ കഴിവിനേയും അദ്ദേഹത്തിന്റെ വിശാല ബോധത്തേയും അംഗീകരിക്കുന്നു. തരൂര്‍ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേരായ വഴിലേക്ക് എത്തിയിട്ടില്ല. മാറുമായിരിക്കാം എന്നും കെ സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പാര്‍ട്ടി പറയുന്നിടത്ത് നില്‍ക്കാന്‍ എംപിയോട് മാധ്യമങ്ങളാണ് പറയേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എല്ലാവരും ബാധകമാണ്. പാര്‍ട്ടിയെ സെമി കേഡറിലേക്ക് എത്തിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു. എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പു വെക്കാതെ ശശി തരൂര്‍ എംപി മാറി നില്‍ക്കുകയും പഠിച്ച് അഭിപ്രായം പറയാമെന്ന നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. കെറെയില്‍ പദ്ധതിയെ ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നു മുഖ്യമന്ത്രി പറയുമൊയെന്ന് അദ്ദേഹം ചോദിച്ചു. ജനത്തിന് ഈ പദ്ധതി താത്പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുധാകരന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത് ശരിയായില്ല എന്നതാണ് ഇപ്പോഴത്തെ യുഡിഎഫ് നിലപാടെന്നും സുധാകരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →