♦️ ജില്ലയില്‍ ഇതുവരെ 638 അപേക്ഷകര്‍ക്ക് പണം നല്‍കി
ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നാളെ ഡിസംബര്‍ 23ന് അദാലത്ത് നടത്തും. ജില്ലയില്‍ ധനസഹായ വിതരണം സുഗമമായി നടക്കുന്നുണ്ടെങ്കിലും കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ മൂലം പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ 2021 ഡിസംബര്‍ 22 ചേര്‍ന്ന അടിയന്തര യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് അദാലത്ത് നടത്തുന്നത്.
2021 ഡിസംബര്‍ 23ന് രാവിലെ 11ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അക്ഷയ പ്രതിനിധി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് കളക്ടര്‍ അറിയിച്ചു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായം ലഭിക്കും. സര്‍ട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷ നല്‍കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ധനസഹായം ലഭിക്കാത്ത അര്‍ഹരായവരുടെ വിവരം അങ്കണവാടി പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി ശേഖരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ട 1033 അപേക്ഷകളില്‍ 814 എണ്ണം പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 638 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കി. ശേഷിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ പണം നല്‍കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു.
ധനസഹായത്തിനും കോവിഡ് ബാധിച്ചു മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.
യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.