ഭോപ്പാല്‍: കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന് നഷ്ടമായ മദ്ധ്യപ്രദേശുകാരനായ നായിക് ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയത് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്. ഈ മണ്ണിന്റെ മകന് എന്നാണ് മുഖ്യമന്ത്രി ജിതേന്ദ്ര കുമാറിനെ വിശേഷിപ്പിച്ചത്. ജിതേന്ദ്ര കുമാറിന്റെ മൃതദേഹം മുഖ്യമന്ത്രി നേരിട്ടെത്തി തോളിലേറ്റി നാട്ടിലെത്തിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ധമണ്ടി വില്ലേജിലായിരുന്നു സംസ്കാരം. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരുകോടി രൂപയും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ജിതേന്ദ്ര കുമാറിനോടുള്ള ആദരവായി ഗ്രാമത്തിലെ സ്കൂളിന് അദ്ദേഹത്തിന്റെ പേരുനല്കുന്നതിനൊപ്പം സ്മാരകവും നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശി പൃഥ്വിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 50 ലക്ഷം രൂപയും ജനറല്‍ ബിപിന്‍ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാന്‍സ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ആന്ധ്ര സര്‍ക്കാര്‍ 50 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ഈ മണ്ണിന്റെ മകന്: കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി
